”തിരുനെല്ലിയിലെ ഉരുള്‍പൊട്ടലിലെ രക്ഷാപ്രവര്‍ത്തനം, ഉള്ള്യേരിയിലെ മലവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്ക് തുണയായത്” 28 വര്‍ഷത്തെ സേവനത്തിനിടെയുണ്ടായത് അഭിമാനിക്കാവുന്ന ഒരുപാട് ഓര്‍മ്മകള്‍; വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ കൊയിലാണ്ടിയിലെ ഫയര്‍ ഓഫീസര്‍ സി.കെ.മുരളീധരന്‍ സംസാരിക്കുന്നു


കൊയിലാണ്ടി: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ എന്ന അംഗീകാരത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ ഇതുവരെയുള്ള സര്‍വ്വീസിനിടെയുള്ള ഒരുപാട് സംഭവങ്ങള്‍ കൊയിലാണ്ടിയിലെ ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ സി.കെ.മുരളീധരന്റെ മനസിലുണ്ട്. തിരുനെല്ലിയിലെ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട കുടുംബങ്ങളെ രക്ഷപ്പെടുത്തിയത്, ഉള്ളിയേരിയിലെ മലവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ട പതിനഞ്ചോളം കുടുംബങ്ങളെ രക്ഷപ്പെടുത്തിയതിത്, അങ്ങനെ സങ്കീര്‍ണമായ പല സാഹചര്യങ്ങളിലെയും ഇടപെടലുകള്‍ ഈ മെഡലിന് അര്‍ഹനാക്കിയിട്ടുണ്ടെന്ന് മുരളീധരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

രണ്ട് മാസമായി കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലേയ്ക്ക് ട്രാന്‍സ്ഫറായിട്ട്. മഴ കനത്ത സമയമായതിനാല്‍ കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും മരം വീണ് മുറിഞ്ഞത് മുതല്‍ നിരവധി പ്രശ്നങ്ങളാണ് ഇത്തവണയുണ്ടായത്. അതിലേറെ സങ്കീര്‍ണ്ണത നിറഞ്ഞ രക്ഷാപ്രവര്‍ത്തനമായിരുന്നു ഉള്ളിയേരി പഞ്ചായത്തിലെ ഒറവില്‍ മാതാംതോട് എന്നീ പ്രദേശങ്ങളില്‍ പുഴയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ട കുടുംബങ്ങളെ രക്ഷപ്പെടുത്തിയത്. വൃദ്ധരും കുട്ടികളും അടക്കം പതിനഞ്ചോളം കുടുംബങ്ങളെയാണ് ഇവിടെ നിന്നും മുരളീധരന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തിയത്. അന്‍പതോളം പേരെയാണ് പകുതിയോളം വെള്ളത്തില്‍ നിന്നും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്.

റിവാര്‍ഡുകളുടെയും റെസ്‌ക്യൂ ഓപ്പറേഷനുകളുടെയും മറ്റും കണക്കിലെടുത്താണ് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹനായതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ചേവായൂര്‍ സ്വദേശിയാണ് മുരളീധരന്‍. 28 വര്‍ഷത്തെ സര്‍വ്വീസിനിടെ നിരവധി രക്ഷാപ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. പേരാമ്പ്ര, കോഴിക്കോട്, വെള്ളമിമാട്കുന്ന്, പട്ടാമ്പി, മാനന്തവാടി തുടങ്ങി നിരവധി ഫയര്‍സ്റ്റേഷനുകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

മിഠായിതെരുവിലെ പടക്ക കടയ്ക്കുണ്ടായ തീപിടുത്തം, 2018 ലെ പ്രളയം, 2006 ല്‍ കക്കയം ഡാം തുറന്നത് മൂലമുണ്ടായ വെള്ളപ്പൊക്കം, കടലുണ്ടി ട്രെയിന്‍ ദുരന്തം എന്നിവയില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ മുഖ്യ പങ്കുവഹിച്ചിരുന്നു. കക്കയം ഡാമില്‍ നിന്നും വെള്ളം തുറന്നുവിട്ടുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട നൂറോളം കുടുംബങ്ങളെയാണ് അന്ന് രക്ഷപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മാനന്തവാടിയില്‍ ഉള്ളപ്പോഴായിരുന്നു മറക്കാനാവാത്ത പല സങ്കീര്‍ണ്ണമായ രക്ഷപ്പെടുത്തലുകള്‍ നടത്തിയത്. തിരുനെല്ലിയില്‍ ഉരുള്‍പൊട്ടലില്‍ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ പാലം തകര്‍ന്ന് അക്കരെ കുടുങ്ങിയ അറുപതോളം ആളുകളെയാണ് രാത്രിയാടെ ജീവന്‍ പണയപ്പെടുത്തി മുരളീധരനുള്‍പ്പെട്ട സംഘം രക്ഷപ്പെടുത്തിയത്. അന്നത്തെ രാത്രി ഇപ്പോഴും മനസ്സില്‍ നിന്നും മായുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റിട്ടേയേര്‍ഡ് ആര്‍മി ഉദ്യേഗസ്ഥന്‍ രാഘവന്‍ നായരാണ് അച്ഛന്‍. ഭാര്യ കോഴിക്കോട് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥയായ ഷിബിയാണ്. വിദ്യാര്‍ത്ഥികളായ നന്ദന, നിരജ്ഞന എന്നിവര്‍ മക്കളാണ്.