ടാര്‍ വീപ്പയില്‍ വീണ് അവശനായി പട്ടിക്കുഞ്ഞി തുണയായി കൊയിലാണ്ടിയിലെ അഗ്നിരക്ഷാ സേന; പട്ടിക്കുഞ്ഞിനെ പൂര്‍വ്വസ്ഥിതിയിലാക്കിയത് രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍
കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ടാര്‍ വീപ്പയില്‍ വീണ് അപകടാവസ്ഥയിലായ പട്ടിക്കുഞ്ഞിന് കരുതലേകി അഗ്നിരക്ഷാ പ്രവര്‍ത്തകര്‍. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.
റെയില്‍വേ സ്റ്റേഷന്‍ പരിസരത് സൂക്ഷിച്ചിരുന്ന താര്‍ വീപ്പയില്‍ പട്ടിക്കുഞ്ഞ് വീഴുകയായിരുന്നു. തലഭാഗം ഒഴിച്ച് മുഴുവന്‍ താറില്‍ മുങ്ങി നിലയിലായിരുന്നു. വീപ്പയില്‍ നിന്നും പട്ടിയെ പുറത്തെടുത്ത അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ നേരെ ഫയര്‍ സ്റ്റേഷനിലെത്തിച്ചു.
ദേഹത്ത് പറ്റിയ ടാര്‍ നീക്കം ചെയ്യാനുള്ള കഠിന ശ്രമമായിരുന്നു പിന്നീട്. ഡീസലും മണ്ണെണ്ണയും ഉപയോഗിച്ച് രണ്ടര മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് ടാര്‍ പൂര്‍ണമായും നീക്കിയത്.
ആകെ അവശതയിലായിരുന്നു പട്ടിക്കുഞ്ഞ്. വെള്ളവും ഭക്ഷണവും നല്‍കി ആളെ ഉഷാറാക്കിയശേഷമാണ് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ അതിനെ തിരികെ അയച്ചത്.