നഷ്ടപ്പെട്ടത് ഒരു ഭണ്ഡാരത്തില്‍ നിന്നുള്ള പണവും പുതിയ മൊബൈല്‍ ഫോണും; മോഷണം നടന്ന കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി
ചേമഞ്ചേരി: കഴിഞ്ഞദിവസം മോഷണം നടന്ന ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ഫിംഗര്‍ പ്രിന്റ് എക്‌സ്‌പേര്‍ട്ട് രഞ്ജിത്ത്, എസ്.ഐമാരായ ദിലീഫ് മഠത്തില്‍, എന്‍.കെ.മണി, സിവില്‍ പോലീസ് ഓഫീസര്‍ ഗംഗേഷ് എന്നിവരാണ് പരിശോധനക്ക് എത്തിയത്. ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലും കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിലുമാണ് പരിശോധന നടത്തിയത്.
ക്ഷേത്രത്തിലെ ഒരു ഭണ്ഡാരത്തില്‍ നിന്നുള്ള പണമാണ് നഷ്ടമായത്. ഭണ്ഡാരവും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. മറ്റു രണ്ട് ഭണ്ഡാരങ്ങളുടെ മുകളിലെ പൂട്ട് പൊളിച്ചെങ്കിലും ഉള്‍ഭാഗം തുറക്കാത്തതിനാല്‍ പണം നഷ്ടമായിട്ടില്ല. ഓഫീസിലെ ഷെല്‍ഫ് തുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഓഫീസില്‍ സൂക്ഷിച്ച 10500രൂപ വിലയുള്ള പുതിയ മൊബൈല്‍ ഫോണും നഷ്ടമായിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.
ശ്രീകൃഷ്ണ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കുറ്റ്യാടി ഉണ്ണിനായരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടന്നത്. അതിനിടെ, മോഷണം നടന്ന കാഞ്ഞിലശ്ശേരി ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല സന്ദര്‍ശിച്ചു.