സാമ്പത്തിക തട്ടിപ്പ്; വിദ്യാർത്ഥികൾ ഉൾപ്പെടെ വടകര സ്വദേശികളായ നാല് പേർ ഭോപ്പാൽ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍


വടകര: വടകര സ്വദേശികളായ നാലു പേർ ഭോപ്പാൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ. പിടിയിലായവരിൽ വിദ്യാർത്ഥികളും. 12 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക തിരിമറി നടന്ന കേസിലാണ് നടപടി എന്നാണ് വടകര പൊലീസ് അധികൃതര്‍ നല്‍കുന്ന വിവരം. വടകര, വില്യാപ്പള്ളി, കാര്‍ത്തികപ്പള്ളി, കോട്ടപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള പത്തൊന്‍പതും ഇരുപതും വയസ് പ്രായമുള്ള നാല് പേരെയാണ് സംഘം കസ്റ്റഡിയില്‍ എടുത്ത്.

തിരുവോണ നാളിലാണ് മധ്യപ്രദേശിലെ ഭോപ്പാല്‍ ജില്ലാ ക്രൈംബ്രാഞ്ചില്‍ നിന്നുള്ള നാല് ഉദ്യോഗസ്ഥര്‍ വടകരയിൽ എത്തുകയും ഇവരെ പിടികൂടുകയും ചെയ്തത്. ഇവരെ മധ്യപ്രദേശിലേക്ക് കൊണ്ടുപോയെന്നാണ് വടകര പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കേസില്‍ ഇനിയും മൂന്നോളം പേര്‍ പിടിയിലാകാനുണ്ടെന്നും സൂചനയുണ്ട്.

പ്രദേശത്തെ യുവാക്കളെ ഉപയോഗിച്ച്‌ വിവിധ ബാങ്കുകളില്‍ അക്കൗണ്ട് എടുപ്പിക്കുകയും പിന്നീട് അവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎമ്മും ഉള്‍പ്പെടെ കൈക്കലാക്കുകയും ചെയ്യുന്ന സംഘം പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്നതായി പൊലീസ് സമ്മതിക്കുന്നുണ്ട്.

യുവാക്കള്‍ക്ക് അതിന് പകരമായി പതിനായിരം രൂപയോളം നല്‍കിയിരുന്നുവെന്ന് കണ്ടെത്തിയതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരത്തില്‍ നിര്‍മിച്ച അക്കൗണ്ടുകളിലൂടെയാണ് സാമ്ബത്തിക തട്ടിപ്പ് നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

 




Summary: financial fraud; The Bhopal Crime Branch team has detained four people from Vadakara, including students