ആര് വാഴും ആര് വീഴും? തീ പാറിയ പോരാട്ടത്തിന് ഇന്ന് കലാശപ്പോര്; എ.കെ.ജി ഫുട്ബോള്‍ മേളയുടെ ഫൈനല്‍ ഇന്ന്


കൊയിലാണ്ടി: കായികപ്രേമികള്‍ക്ക് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച 43ാമത് എ.കെ.ജി ഫുട്ബോള്‍ മേളയുടെ ഫൈനല്‍ മത്സരം ഇന്ന്. ജനറല്‍ എര്‍ത്ത് മൂവേഴ്‌സ് കൊയിലാണ്ടിയും ജ്ഞാനോദയം ചെറിയമങ്ങാടും തമ്മിലാണ് ഫൈനല്‍ മത്സരം. രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. സമാപന സമ്മേളനത്തില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരിക്കും. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല സമ്മാനദാനം നിര്‍വ്വഹിക്കും.

ഇത്തവണ എ.കെ.ജി ഫുട്ബോള്‍ ടൂര്‍ണമെന്റ് ഫുട്ബോള്‍ മേളയായാണ് നടനടത്തിയത്‌. മൂന്ന് ടൂര്‍ണമെന്റുകളിലായി 32 ടീമുകളാണ് കളത്തിലിറങ്ങിയത്‌. ജനുവരി 21നും 23നുമായിരുന്നു സെമി ഫൈനല്‍ മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ഓസ്‌കാര്‍ എളേറ്റിലിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ്‌ ജനറല്‍ എര്‍ത്ത് മൂവേഴ്‌സ് കൊയിലാണ്ടി തോല്‍പ്പിപ്പിച്ചത്‌.

ജനുവരി 12ന് ആരംഭിച്ച മേളയില്‍ ഓരോ ദിനവും കളി കാണാന്‍ നൂറ്കണക്കിന് പേരാണ് കൊയിലാണ്ടി സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഇന്ന് നടക്കുന്ന ഫൈനല്‍ മത്സരത്തിനായി കായികപ്രേമികള്‍ കാത്തിരിക്കുകയാണ്‌.