”തല്ലുമാല കാണുമ്പോള്‍ തിയേറ്ററിനകത്ത് ഏട്ടന്‍ ഒപ്പമില്ലല്ലോയെന്ന സങ്കടമായിരുന്നു, ഇതൊന്നും കാണാന്‍ ഉപ്പയും കൂടെയില്ല” തല്ലുമാലയിലൂടെ കയ്യടി നേടുമ്പോഴും മനസിലെ നൊമ്പരം തുറന്നുപറഞ്ഞ് കൊല്ലം ഷാഫി


പാട്ടിലൂടെയും ആല്‍ബം ഗാനങ്ങളിലെ പ്രണയനായകനായും ഏറെപ്പേരുടെ മനംകവര്‍ന്ന താരമാണ് കൊയിലാണ്ടിക്കാരുടെ സ്വന്തം കൊല്ലംഷാഫി. അഭിനയിക്കാനുള്ള മോഹം ഷാഫി പലതവണ വെളിപ്പെടുത്തിയിട്ടുള്ളതുമാണ്. ചെറിയ തോതില്‍ ചില ചിത്രങ്ങളുടെ ഭാഗമായതൊഴിച്ചാല്‍ ഷാഫിയ്ക്ക് സിനിമാ അഭിനയ രംഗത്ത് ചുവടുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല, ടൊവിനോ നായകനായ തല്ലുമാല റിലീസ് ആകുന്നതുവരെ.

തല്ലുമാല തിയേറ്ററുകളില്‍ പ്രയാണം തുടരുമ്പോള്‍ ചിത്രത്തിലെ ഷാഫിയുടെ റോളം ഇതിനകം തന്നെ ഏറെ കയ്യടി നേടിക്കഴിഞ്ഞു. സിനിമയില്‍ ശ്രദ്ധേയമായൊരു വേഷം ചെയ്യുകയെന്ന സ്വപ്‌നം നേടിക്കഴിഞ്ഞെങ്കിലും മനസില്‍ അല്പം നൊമ്പരമുണ്ടെന്ന് പറയുകയാണ് ഷാഫി. ആ വേദന മനസില്‍ വെച്ചാണ് തിയേറ്ററിലിരുന്ന് തല്ലുമാല കണ്ടതെന്നും ഷാഫി പറയുന്നു.

”ഞാന്‍ ഇങ്ങനെയൊരു നല്ല ചിത്രത്തിന്റെ ഭാഗമായതുകാണാന്‍ ഇന്നെന്റെ ഉപ്പയില്ല എന്നതുവിഷമമാണ്. അതിനേക്കാള്‍ വിഷമമാണ് എന്റെ ഏട്ടനില്ലയെന്നത്. മൂന്നുവര്‍ഷം മുമ്പ് ആക്‌സിഡന്റിലാണ് ഇക്കാക്ക മരിച്ചുപോയത്. യാഥാസ്ഥിതികമായൊരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. സിനിമ കണ്ടതിന് ഏറ്റവുമധികം തല്ലുവാങ്ങിയത് ഇക്കാക്കയാണ്. സിനിമ അവന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. തല്ലുമാല കാണുമ്പോള്‍ തിയേറ്ററിനകത്ത് അവന്‍ ഒപ്പമില്ലല്ലോ എനന സങ്കടം എന്റെ ഉള്ളില്‍ വന്നു.’ ഷാഫി പറയുന്നു.

ബാലുശേരി സന്ധ്യ തിയേറ്ററില്‍ കുടുംബസമേതം തല്ലുമാല കാണാന്‍ പോയ അനുഭവവും ഷാഫി പങ്കുവെക്കുന്നുണ്ട്. ” സിനിമ കഴിഞ്ഞപ്പോള്‍ പിന്നില്‍ നിന്ന് ആരൊക്കെയോ ”ഷാഫിക്കാ… ഒന്നു കൈ പൊക്ക്” എന്നു വിളിച്ചു പറഞ്ഞു. തിയേറ്ററില്‍ എല്ലാവരും കൂടി കയ്യടിച്ചു. എന്റെ കണ്ണുനിറഞ്ഞുപോയി. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്. നാട്ടുകാരും പരിചയക്കാരുമായ സിനിമാ പ്രേമികള്‍ നമ്മളെയും കുടുംബത്തെയും നോക്കി ആര്‍പ്പുവിളിക്കുകയാണ്. സിനിമ കഴിഞ്ഞ് പത്തുമിനിറ്റോളം ആഘോഷമായിരുന്നു.” അദ്ദേഹം പറഞ്ഞു.

summary: feelings of kollam shafi at the time of watching movie kallumala