കൊയിലാണ്ടിയില്‍ നടന്ന നാല്‍പ്പത്തിരണ്ടാമത് എ.കെ.ജി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയികളായി എഫ്.സി പൊയില്‍ക്കാവ്
കൊയിലാണ്ടി: ഒരിടവേളയ്ക്ക് ശേഷം കൊയിലാണ്ടിയെ ഫുട്‌ബോള്‍ ആവേശത്തിന്റെ കൊടുമുടിയേറ്റിയ എ.കെ.ജി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയികളായി അമല്‍ പ്രേം യൂറോപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്ന എഫ്.സി പൊയില്‍ക്കാവ്. ഫൈനല്‍ മത്സരത്തില്‍ എതിരാളികളായ എ.ബി.സി പൊയില്‍ക്കാവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് എഫ്.സി പൊയില്‍ക്കാവ് വിജയകിരീടം നേടിയത്. ടൂര്‍ണ്ണമെന്റിലെ മികച്ച ഗോള്‍ കീപ്പറായി അഭിജിത്തിനെയും മികച്ച താരമായി അജ്മലിനെയും തെരഞ്ഞെടുത്തു. ഇരുവരും എഫ്.സി പൊയില്‍ക്കാവിന്റെ താരങ്ങളാണ്.
കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തിലെ എന്‍.കെയചന്ദ്രന്‍ സ്മാരക ഗ്രൗണ്ടിലാണ് ഈ വര്‍ഷത്തെ എ.കെ.ജി ഫുട്‌ബോള്‍ മേള നടന്നത്. എ.കെ.ജി ട്രോഫിക്കും ടി.വി.കുഞ്ഞിക്കണ്ണന്‍ സ്മാരക റണ്ണേഴ്‌സ് അപ്പിനും വേണ്ടിയുള്ള ടൂര്‍ണ്ണമെന്റ് മെയ് അഞ്ചിനാണ് ആരംഭിച്ചത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവച്ച മേള മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നടന്നത്.
സംസ്ഥാനത്തെ പ്രധാനപ്പെട്ട എട്ട് ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ മാറ്റുരച്ചത്. മെയ് 11 നും മെയ് 14 നുമാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടന്നത്. ഇതില്‍ വിജയികളായ അമല്‍ പ്രേം യൂറോപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്ന എഫ്.സി പൊയില്‍ക്കാവും എ.ബി.സി പൊയില്‍ക്കാവും ഏറ്റുമുട്ടിയ ഫൈനല്‍ മത്സരം വ്യാഴാഴ്ച വൈകീട്ടാണ് നടന്നത്.
ജനറല്‍ എര്‍ത്ത് മൂവേഴ്സ് കൊയിലാണ്ടി, ഓസ്‌കാര്‍ എളേറ്റില്‍, എ.ബി.സി പൊയില്‍ക്കാവ്, ചെല്‍സി വെളിപറമ്പ്, ബ്ലാക്സണ്‍ തിരുവോട്, ടൗണ്‍ ടീം സണ്‍ഡേറോഡ് കോഴിക്കോട്, മലബാര്‍ യുണൈറ്റഡ്, എഫ്.സി പൊയില്‍ക്കാവ് എന്നീ എട്ട് ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തത്.