രാത്രി ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ല, ശരീരഭാരം നിയന്ത്രിക്കാനാകുന്നില്ല, വല്ലാത്ത ഉത്കണ്ഠയും ആശങ്കയും; തുടങ്ങിയ ലക്ഷണങ്ങൾ തൈറോയിഡിന്റേതാകാം


Advertisement

രാത്രി ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ല, ശരീരഭാരം നിയന്ത്രിക്കാനാകുന്നില്ല, വല്ലാത്ത ഉത്കണ്ഠയും ആശങ്കയും, ഉഷ്ണം സഹിക്കാനാവാതെവരിക, മാസമുറയിലെ വ്യതിയാനങ്ങൾ, ശബ്ദത്തിൽ പതർച്ച തുടങ്ങിയ ലക്ഷണങ്ങൾ നിങ്ങളിലുണ്ടോ. ചിലപ്പോൾ ഇത് തൈറോയിഡിന്റേതാകാം. കൃത്യമായി തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ സ്വീകരിച്ചാൽ പൂർണ്ണമായും പ്രതിരോധിച്ച് നിർത്താൻ കഴിയുന്ന അസുഖമാണ് ഇത്. ലക്ഷണങ്ങളെ തിരിച്ചറിയുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

Advertisement

എന്താണ് തൈറോയ്ഡ് ?

ഹൃദയത്തിന്റെ വേഗത, കലോറികളുടെ ജ്വലനം തുടങ്ങിയവ ഉൾപ്പെടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ചിത്രശലഭത്തിന്റെ ആകൃതിയിൽ കഴുത്തിന് താഴെയായാണ് ഈ ഗ്രന്ഥി കാണുന്നത്. തൈറോയ്ഡ് ഗ്രന്ഥിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രവർത്തന വൈകല്യങ്ങൾ സംഭവിച്ചാൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണിന്റെ അളവിലും വ്യതിയാനം സംഭവിക്കും. ഇങ്ങനെ രക്തത്തിലെ തൈറോയ്ഡ് ഹോർമോണിന്റെ (ടി 3, ടി 4) അളവ് കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. അമിതവണ്ണം, അമിതമായ ക്ഷീണം, വന്ധ്യത, മലബന്ധം, ശബ്ദത്തിൽ പതർച്ച, അമിതമായ തണുപ്പ്, മുഖത്തും കാലിലും നീര്, മുടി കൊഴിയുക ഇവയാണ് ലക്ഷണങ്ങൾ.

തൈറോയ്ഡ് ഹോർമോണുകൾ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഹൈപ്പർതൈറോയിഡിസം. അമിത ക്ഷീണം, അമിതമായ വിശപ്പ്, ശരീരഭാരം കുറയുക, ഹൃദയമിടിപ്പ് വർദ്ധിക്കുക, വിറയൽ, അമിത വിയർപ്പ്, ഉഷ്ണം സഹിക്കാനാവാതെവരിക, ആകാംക്ഷ, ഉറക്കക്കുറവ്, മാസമുറയിലെ വ്യതിയാനങ്ങൾ, കണ്ണ് പുറത്തേക്ക് തള്ളിവരിക എന്നിവ ലക്ഷണങ്ങളാണ്.

Advertisement

ലക്ഷണങ്ങൾ

അമിത ക്ഷീണം

ദിവസം എട്ട് മണിക്കൂറാണ് ആരോഗ്യകരമായ ഉറക്കത്തിനുള്ള സമയം. എന്നാൽ എട്ട് മണിക്കൂറിലധികം ഉറങ്ങിയിട്ടും ക്ഷീണം മാറാത്ത അവസ്ഥ ചിലപ്പോൾ തൈറോയ്ഡിന്റെ തകരാറുകൾ മൂലമായിരിക്കാം. തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനം കൂടിയാലും കുറഞ്ഞാലും ക്ഷീണത്തിന് കാരണമാകും. എന്നാൽ അപൂർവ്വമായി ഹൈപ്പർതൈറോയിഡിസം ഉള്ള ചിലർ പതിവിലേറെ ഊർജ്ജസ്വലതയുള്ളവരായും കാണപ്പെടാറുണ്ട്.

ശരീരഭാരത്തിലെ ഏറ്റക്കുറച്ചിലുകൾ

നന്നായി വ്യായാമം ചെയ്തിട്ടും, ഭക്ഷണത്തിൽ കൃത്യമായ നിയന്ത്രണം പാലിച്ചിട്ടും ശരീരഭാരം കുറയാതെ വരുന്നുണ്ടെങ്കിൽ തൈറോയ്ഡ് ഹോർമോണിന്റെ സാന്നിദ്ധ്യത്തിലെ ഏറ്റക്കുറച്ചിലുകളാകാം. തൈറോയ്ഡ് ഹോർമോണുകൾ കൂടിയാൽ ശരീരഭാരം കുറയുകയും ഹോർമോൺ കുറഞ്ഞാൽ ശരീരഭാരം കൂടുകയും ചെയ്യും.

അതിമ ഉത്കണ്ഠ

അമിതമായ ഉത്കണ്ഠ, വിഷാദം മുതലായവയെയും തൈറോയ്ഡ് ഹോർമോണുകൾ സ്വാധീനിക്കാറുണ്ട്. ഹൈപ്പോതൈറോയ്ഡ് ഉള്ളവരിൽ വിഷാദവും ഹൈപ്പർതൈറോയിഡിസമുള്ളവരിൽ ഉത്കണ്ഠയുമാണ് പ്രധാനമായും കാണുന്നത്.

Advertisement

കൊളസ്‌ട്രോൾ

ആഹാരവും വ്യായാമവുമെല്ലാം കൃത്യമായി പരിപാലിച്ചിട്ടും കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണെങ്കിൽ തൈറോയ്ഡിനെ സംശയിക്കണം. ഹൈപ്പോതൈറോയിഡുള്ളവരിൽ ചീത്ത കൊളസ്‌ട്രോളായ എൽ.ഡി.എല്ലും ട്രൈഗ്ലിസറൈഡുകളും ഉയർന്നുനിൽക്കും. നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എൽ കുറയുകയും ചെയ്യും. ചെറുപ്രായത്തിലെ കൊളസ്‌ട്രോൾ വർധന ശ്രദ്ധയിൽ പെട്ടാലും തൈറോയ്ഡ് പരിശോധിക്കാം

പാരമ്പര്യം

തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾക്ക് പാരമ്പര്യം ഒരു കാരണമാണ്. കുടുംബത്തിൽ പിതാവ്, മാതാവ്, സഹോദരങ്ങൾ എന്നിവരിൽ ആർക്കെങ്കിലും തൈറോയ്ഡ് അസുഖങ്ങളുണ്ടെങ്കിൽ മുൻകരുതലുകളെടുക്കേണ്ടത് അത്യാവശ്യമാണ്.

വന്ധ്യത

ക്രമം തെറ്റിയ ആർത്തവ ചക്രവും, അമിതരക്തസ്രാവത്തോടെയും അസഹ്യവേദനയോടുമുള്ള ആർത്തവവും തൈറോയ്ഡ് വ്യതിയാനങ്ങളുടെ സൂചനയായിരിക്കാം. മാത്രമല്ല ചിലപ്പോൾ ഇത് വന്ധ്യതയിലേക്കും നയിക്കാം. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കൂടുന്നത് ഗർഭമലസുന്നതിനും ഭ്രൂണവളർച്ച കുറയുന്നതിനും കാരണമായേക്കാം.

ഉദരസംബന്ധമായ ബുദ്ധിമുട്ടുകൾ

ദീർഘകാലമായുള്ള മലബന്ധം, വയറിളക്കം, അനിയന്ത്രിതമായ ശോധന (ഇ.ബി.എസ്) എന്നിവയുടെ പ്രധാന കാരണങ്ങളിലൊന്ന് തൈറോയ്ഡിന്റെ ക്രമം തെറ്റിയ സാന്നിദ്ധ്യമാകാം.

ചർമ്മപ്രശ്‌നങ്ങൾ

മുടിയുടേയും ചർമ്മത്തിന്റേയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്ഡ്് ഹോർമോൺ അനിവാര്യമാണ്. തലമുടി ഇടയ്ക്കിടെ പൊട്ടിപ്പോവുക, വരളുക, ചർമ്മം കട്ടിയുള്ളതും വരണ്ടതായും കാണപ്പെടുന്നതും നേർത്ത് ദുർബലമാകുന്നതും മുടികൊഴിച്ചിലും, തൈറോയ്ഡിന്റെ കാരണങ്ങളാകാം.

കഴുത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ

കഴുത്തിൽ നീർക്കെട്ട്, ടൈയും മറ്റും കെട്ടുമ്പോൾ അസ്വസ്ഥത, മുഴ പോലെ കാണപ്പെടുക, ശബ്ദം അടയുക എന്നിവ തൈറോയ്ഡ് പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാണ്. ഇതിന് പുറമെ സന്ധികളിലും പേശികളിലുമുണ്ടാകുന്ന വേദനയും തൈറോയ്ഡിന്റെ ഏറ്റക്കുറച്ചിലുകൾ കാരണമാണ്. കുട്ടികളിൽ പൊക്കക്കുറവ്, പഠനവൈകല്യങ്ങൾ എന്നിവയും, ഹൈപ്പർ ആക്റ്റിവിറ്റിയും തൈറോയ്ഡ് പ്രശ്‌നങ്ങൾ മൂലം വരാം.

[mid5]