‘വാഴ കൃഷിയൊക്കെ നഷ്ടത്തിലായി, എത്ര വാഴകളാ വെട്ടിമാറ്റിയത്…’; ചൊറിയന്‍ പുഴു ശല്യത്തില്‍ പൊറുതിമുട്ടി തിക്കോടിയിലെ കര്‍ഷകര്‍


തിക്കോടി: കൃഷിയൊക്കെ നശിച്ചു, എത്ര വാഴകളാണ് വെട്ടിമാറ്റിയത്, ഇപ്പം ഇതാ വീടിന്റെ ഉള്ളിലേക്കും കയറാന്‍ തുടങ്ങി, വല്യ കഷ്ടപാടാണ്…ചൊറിയന്‍ പുഴുവിനെ തുടര്‍ന്ന് പൊറുതിമുട്ടിയ പള്ളിക്കര സ്വദേശിയായ ടി.പി കുഞ്ഞിമൊയ്തീന്റെ വാക്കുകളാണിത്. കഴിഞ്ഞ രണ്ട് മാസമായി തിക്കോടിയിലെ പള്ളിക്കര, പുറക്കാട് ഭാഗത്ത് ചൊറിയന്‍ പുഴു വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

തുടക്കത്തില്‍ പുഴു ശല്യത്തെ ആരും കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ പിന്നീട് ദിവസങ്ങള്‍ കഴിയും തോറും പുഴു ശല്യം കൂടി വരികയായിരുന്നു. വാഴ, പച്ചക്കറി കൃഷി, സപ്പോട്ട തുടങ്ങി മിക്കതും പുഴു നശിപ്പിച്ചു. വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന ആളാണ് കുഞ്ഞിമൊയ്തീന്‍. വെറ്റില, വാഴ എന്നിവയാണ് പ്രധാനം. പുഴു ശല്യം വര്‍ധിച്ചതോടെ നാല്‍പതിലധികം വാഴകളാണ് അടുത്തിടെ കുഞ്ഞിമൊയ്തീന്‍ വെട്ടിമാറ്റിയത്. അതില്‍ പതിനഞ്ചോളം റോബസ്റ്റ് വാഴകളും ഉള്‍പ്പെടും.

പുഴു തിന്ന് തിന്ന് പ്രദേശത്തെ ഒട്ടുമിക്ക വാഴകളും നശിച്ചിട്ടുണ്ട്. പ്രശ്‌നത്തില്‍ പഞ്ചായത്തിലും കൃഷി വകുപ്പിലും കര്‍ഷകര്‍ പരാതി നല്‍കിയിട്ടുണ്ട്. കൃഷി നാശത്തിന് പുറമെ പുഴുക്കള്‍ കാറ്റില്‍ വീടിനുള്ളിലേക്ക് കയറുന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. ഇത് കാരണം കുട്ടികള്‍ക്ക് ചെറിയ രീതിയില്‍ ചൊറിലും അനുഭവപ്പെടുന്നുണ്ട്. പ്രശ്‌നത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് പ്രദേശത്തെ കര്‍ഷകരുടെ പ്രധാന ആവശ്യം.

Description: Farmers of Thikodi struggling with scabies