നൂറ് കണക്കിന് കുടുംബങ്ങളുടെ കൃഷിയുടെയും കുടി വെള്ളം മുട്ടുമോയെന്ന ഭയം, മൂവായിരത്തോളം വിദ്യാർത്ഥികളുടെ സ്കൂളിലേക്കുള്ള വഴി തടസ്സപ്പെടുന്നു; നന്തി ചെങ്ങോട്ട് കാവ് ബൈപ്പാസ് നിർമ്മാണം മൂലം ആശങ്കയിൽ കർഷകർ


കൊയിലാണ്ടി: കൊയിലാണ്ടിയിലെ കർഷകർ ആശങ്കയിലാണ്. വികസനം വരുന്നതോടെ തങ്ങളുടെ കുടിവെള്ളം മുട്ടുമോയെന്ന ഭയം. നന്തി ചെങ്ങോട്ട് കാവ് ദേശീയപാത വികസനമാണ് കർഷകരെ വലയ്ക്കുന്നത്. കുറ്റ്യാടി ഇറിഗേഷൻ കനാൽ കടന്ന് പോകുന്ന സ്ഥലത്തെ ജനങ്ങളുടെ ആശങ്കയകറ്റണം എന്ന ആവശ്യമുന്നയിച്ച് കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി.

കൊയിലാണ്ടി മേഖലയിൽ നൂറ് കണക്കിന് കുടുംബങ്ങളുടെ കൃഷിയുടെയും കുടി വെള്ളത്തിന്റെ ആശ്രയമാണ് ബ്രാഞ്ച് കനാൽ, ബൈപ്പാസ് നിർമ്മാണത്തോടെ ഇത് ബുദ്ധിമുട്ടിലാക്കാൻ ഇടയുണ്ട്, 3000 ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന പന്തലായനി ഗവ: സ്കൂളിലേക്കുള്ള വഴിയും തടസ്സപ്പെടുത്തിയാണ് നിലവിൽ ബൈപ്പാസ് നിർമാണം നടക്കുന്നത് എന്ന് കർഷക സംഘം പറഞ്ഞു.

നന്തി ചെങ്ങോട്ട് കാവ് ബൈപ്പാസ് കടന്ന് പോകുന്ന സ്ഥലത്തെ കനാലിലൂടെയുള്ള ജല വിതരണവും ജനങ്ങളുടെ യാത്രാ സൗകര്യങ്ങളും സംരക്ഷിച്ച് കൊണ്ട് മാത്രമേ ബൈപ്പാസ് നിർമ്മാണം നടത്താവു എന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ ഏരിയാ കമ്മിറ്റി പ്രസിഡണ്ട് പി.കെ.ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ.ഷിജു, ജില്ലാ കമ്മറ്റി അംഗം ടി.വി.ഗിരിജ എന്നിവർ സംസാരിച്ചു.