43 വര്‍ഷത്തെ പ്രവാസജീവിതത്തിനുശേഷം ഇനി നാട്ടില്‍, എല്ലാം നല്‍കിയ മണ്ണിനോട് യാത്ര പറഞ്ഞ് ഹനീഫ; യാത്രയയപ്പ് നല്‍കി സാന്ത്വനം കടലൂര്‍ കുവൈറ്റ് കമ്മിറ്റി
നന്തിബസാര്‍: നാല്‍പത്തി മൂന്ന് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിക്കുന്ന സാന്ത്വനം സ്ഥാപക നേതാവും നിലവിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പറുമായ ഹനീഫ സ്റ്റാറിന് സാന്ത്വനം കടലൂര്‍ കുവൈത്ത് കമ്മിറ്റി യാത്രയയപ്പ് നല്‍കി.
ഓഗസ്റ്റ് 26 തിങ്കളാഴ്ച രാത്രി ശുവൈകിലെ ഹലശുവൈക് റെസ്റ്റോറന്റില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.നജീബ് അധ്യക്ഷത വഹിച്ചു സാന്ത്വനം വൈസ് ചെയര്‍മാന്‍ ഷുഹൈബ് കുന്നോത്ത് ഉല്‍ഘടനം ചെയ്തു. ഹനീഫ സ്റ്റാറിനുള്ള മൊമെന്റോ ചെയര്‍മാന്‍ മജീദ് റവാബി നല്‍കി. അസിസ് തിക്കോടി, ഷമീം മണ്ടോളി, അഷ്റഫ് ഫെല്ല, സുബൈര്‍, നൗഷാദ്, ശാക്കിര്‍, ഷറഫു മിന്നത്, ഗഫൂര്‍ ഹസ്സനാസ്സ്, അക്ബര്‍, മജീദ് നന്തി, മജീദ് നടുക്കണ്ടി, കെ.കബീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
20 വര്‍ഷത്തെ സാന്ത്വനത്തിന്റെ വളര്‍ച്ചയില്‍ എന്നും മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ഹനീഫ്ക പ്രവാസം അവസാനിപ്പിച്ചു പോകുന്നത് കുവൈത്തില്‍ ഒരു വലിയ വിടവ് നല്‍കുമെങ്കിലും തുടര്‍ന്ന് നാട്ടിലുള്ള പ്രവര്‍ത്തനത്തില്‍ അദ്ദേഹം മുന്‍പന്തിയില്‍ ഉണ്ടാവും എന്നതാണ് ആശ്വാസമെന്ന് ആശംസ പ്രസംഗത്തില്‍ എല്ലാവരും അഭിപ്രായപെട്ടു. തുടര്‍ന്ന് നടന്ന മറുപടി പ്രസംഗം വളരെ വികാര നിര്‍ബഡമായിരുന്നു.
തന്റെ 43 വര്‍ഷത്തെ പ്രവാസ ജീവിതവും വന്ന കാലത്തെ കുവൈത്തിനെ കുറിച്ചും ഇന്നത്തെ വളര്‍ച്ചയെ പറ്റിയും വിശദമായി ഹനീഫ സംസാരിച്ചു. താന്‍ വരുമ്പോള്‍ കുടുംബത്തിന്റെ ഭാരം പേറിയാണ് 18ആം വയസ്സില്‍ വന്നതെങ്കില്‍ ഇന്ന് തിരുച്ചു പോകുമ്പോള്‍ അല്‍ഹംദുലില്ലാഹ് എനിക്ക് എല്ലാം ഈ മണ്ണ് തന്നു. പ്രയാസങ്ങള്‍ ഒക്കെ മാറ്റി നല്ലൊരു ജീവിതം തന്നത് ഈ മണ്ണാണ്. ഇത് മറക്കാനോ വിട്ടിട്ടു പോവാനോ കഴിയില്ല എന്ന് വളരെ വൈകാരികമായി വിവരിച്ചപ്പോ സദസ്സ് പോലും നിശ്ചലമായി.
നമ്മുടെ ഒക്കെ കാലം കഴിഞ്ഞാലും സാന്ത്വനം ഇത് പോലെ നില നില്‍ക്കണമെന്നും ഇത് നാടിന് ഏറ്റവും ആവശ്യമായത് ആണെന്നും ഒരു പാട് പേരുടെ പ്രതീക്ഷകള്‍ക്കു സാന്ത്വനമേകാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങിന് ജനറല്‍ സെക്രട്ടറി ശരീഖ് സ്വാഗതവും ട്രഷറര്‍ കെ.നൗഷാദ് നന്ദിയും പറഞ്ഞു.
Summary: farewell party for haneefa star by santhwanam kadaloor kuwait committee