കേരളത്തിലെ പാസഞ്ചര്‍ ട്രെയിനുകളില്‍ കുറഞ്ഞ നിരക്ക് 10 രൂപയാക്കുന്നു; ഇനി 10 രൂപയ്ക്ക് 45 കിലോമീറ്റര്‍ സഞ്ചരിക്കാം
കോഴിക്കോട്: കേരളത്തിലെ പഴയ പാസഞ്ചര്‍ ട്രെയിനുകളില്‍( മെമു എക്‌സ്പ്രസ്) കുറഞ്ഞനിരക്ക് 10 രൂപയാക്കുന്നു. നിലവില്‍ 30 രൂപയായിരുന്നു. ഇനി 10 രൂപയ്ക്ക് 45-കിലോമീറ്റര്‍ സഞ്ചരിക്കാം. കോവിഡ് ലോക്ഡൗണിന് മുമ്പുള്ള നിരക്കാണിത്. നിരക്ക് കുറയ്ക്കുന്നതിനെ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം വന്നു. ഏതൊക്കെ വണ്ടികളിലാണെന്ന പട്ടിക വന്നിട്ടില്ല.
കമേഴ്‌സ്യല്‍ വിഭാഗം കംപ്യൂട്ടര്‍ സംവിധാനത്തില്‍ ചുരുങ്ങിയ നിരക്ക് 10 രൂപയായി. റെയില്‍വേയുടെ യു.ടി.എസ്. ആപ്പില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ‘ഓര്‍ഡിനറി’ വിഭാഗം എന്ന ഓപ്ഷന്‍ വന്നിട്ടുണ്ട്. ഇതില്‍ കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള നിരക്ക് 10 രൂപയാണ്.
10 രൂപയ്ക്ക് 45-കിലോമീറ്റര്‍ സഞ്ചരിക്കാമെന്നും അടുത്ത 25-കിലോമീറ്ററില്‍ അഞ്ചുരൂപ തോതില്‍ വര്‍ധിക്കും. നിലവില്‍ 10 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ 30 രൂപ നല്‍കണം. ബസില്‍ ഇത് 18 രൂപയാണ്.