‘കുടുംബ കേസുകൾക്കായി വടകരയിലേക്ക് വണ്ടി കയറണം’; കൊയിലാണ്ടിയിൽ കുടുംബ കോടതി സ്ഥാപിക്കണമെന്ന് ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിന്റെ ആസ്ഥാനമായ കൊയിലാണ്ടിയിൽ കുടുംബ കോടതി സ്ഥാപിക്കണമെന്ന് ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം. ഏറ്റവും പഴയതും പ്രധാനപ്പെട്ടതുമായ കൊയിലാണ്ടി കോടതിയിൽ കുടുംബ കോടതി സ്ഥാപിക്കുക എന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. നിലവിൽ കൊയിലാണ്ടി താലൂക്കിലുള്ളവർസ കുടുംബ പ്രശ്നങ്ങൾക്കായി വടകര കോടതിയെയാണ് ആശ്രയിക്കുന്നത്. ഇതിന് പരിഹാരമായി കൊയിലാണ്ടിയിൽ കുടുംബ കോടതി സ്ഥാപിക്കേണ്ടത് അനിവാര്യതയാണെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. കെ.ജയരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.സത്യൻ സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി അഡ്വ പി.ജെതിൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.പ്രശാന്ത് അധ്യക്ഷത വഹിച്ചു.

മുതിർന്ന അഭിഭാഷകൻ അഡ്വ. കെ.പി.ദാമോദരൻ പതാക ഉയർത്തി. ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ. എൽ.ജി.ലിജീഷ്, അഡ്വ. കെ.കെ.ലക്ഷ്മി ഭായ് അഭിവാദ്യം ചെയ്തു. അഡ്വ. അരുൺ കൃഷ്ണ രക്തസാക്ഷി പ്രമേയവും അഡ്വ. ആർ.സുഭാഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഡ്വ. ഒ.പ്രവീൺ വരവ് ചിലവ് കണക്കും അഡ്വ. പി.കെ.സുഭാഷ് പ്രമേയവും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി അഡ്വ. പി.ജെതിൻ സിക്രട്ടറിയായും അഡ്വ. ഒ.ടി.പ്രവീണിനെ പ്രസിഡന്റായും അഡ്വ. നിമിഷയെ ട്രഷററായും തെരഞ്ഞെടുത്തു.