കൊയിലാണ്ടി സ്വദേശി ബിജുവിനെ കാണാതായിട്ട് 17 വര്‍ഷം; മുംബൈയിലുണ്ടെന്ന് സംശയം, സന്നദ്ധ സംഘടനകള്‍ വഴി അന്വേഷണം ഊര്‍ജിതമാക്കി കുടുംബം


കൊയിലാണ്ടി: വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ട മകനുവേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരുകയാണ് കൊയിലാണ്ടി കരിങ്കിലാട്ട് മീത്തല്‍ വീട്ടിലെ കുടുംബാംഗങ്ങള്‍. 2005 ജൂണ്‍ പത്തിനാണ് കരിങ്കിലാട്ട് മീത്തല്‍ നാരായണന്റെയും ദേവിയുടെയും മകന്‍ ബിജുവിനെ കാണാതായത്. പൊലീസിലും മുഖ്യമന്ത്രിയ്ക്കുമെല്ലാം പരാതി നല്‍കി കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെയായെങ്കിലും ഇപ്പോഴും ബിജുവിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ബിജു മുംബൈയിലുണ്ടെന്ന പ്രതീക്ഷയില്‍ മുംബൈയിലെ മലയാളി കൂട്ടായ്മകളുടെ സഹായത്തോടെ അന്വേഷണം ശക്തമാക്കുകയാണ് കുടുംബം ഇപ്പോള്‍.

26ാം വയസിലാണ് ബിജു നാടുവിട്ടതെന്ന് സഹോദരന്‍ സുധീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ” ഞങ്ങളറിയുന്ന യാതൊരു പ്രശ്‌നവും അവനുണ്ടായിരുന്നില്ല. കൊയിലാണ്ടിയില്‍ ജോലി ചെയ്തുവരികയായിരുന്നു. എറണാകുളത്തും മറ്റു ചിലയിടങ്ങളിലും കച്ചവടം നടത്തി പരിചയമുള്ളതിനാല്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ഭാഷകളും അത്യാവശ്യം ഇംഗ്ലീഷും കൈകാര്യം ചെയ്യാനറിയാമായിരുന്നു. കാണാതായി 5 ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് ഒരു കത്തു വരികയും അതില്‍ ‘ഞാന്‍ ബോംബൈയിലേക്ക് പോകുന്നു എന്നും, എന്നെ അന്വേഷിക്കേണ്ട’ എന്ന് അറിയിക്കുകയും ചെയ്തിരുന്നു.” സുധീഷ് പറഞ്ഞു.

കാണാതായശേഷം കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തെ നേരില്‍ കണ്ടും പരാതി നല്‍കിയിരുന്നു. ഇതിനു പുറമേ മുംബൈയില്‍ ചില സുഹൃത്തുക്കള്‍ വഴിയും അന്വേഷണം നടത്തിയിരുന്നു. പക്ഷേ യാതൊരു വിവരവും ലഭിച്ചില്ലെന്ന് സുധീഷ് പറയുന്നു.

സോഷ്യല്‍ മീഡിയ സജീവമായപ്പോള്‍ 2011ല്‍ സോഷ്യല്‍ മീഡയയിലൂടെ ബിജുവിനെ അന്വേഷിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടാണ് മുംബൈയില്‍ സന്നദ്ധ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മ തങ്ങളെ സമീപിച്ചത്. ബിജുവിനെ കണ്ടെത്താന്‍ തങ്ങളാലാവുംവിധം സഹായിക്കാമെന്ന് അവര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഇതില്‍ വലിയ പ്രതീക്ഷയുണ്ടെന്നും സുധീഷ് പറഞ്ഞു.

അച്ഛന്‍ അഞ്ചുവര്‍ഷം മുമ്പ് മരണപ്പെട്ടു. വയസ്സായ അമ്മയുടെ ആരോഗ്യ സ്ഥിതി മോശമാണ്. അമ്മയും ബാക്കി കുടുംബങ്ങങ്ങളും ബിജു എന്നെങ്കിലും തിരിച്ചു വരും എന്ന വിശ്വാസത്തിലാണ്.