‘നാടിനെ അന്ധവിശ്വാസത്തിലേക്ക് നയിക്കുന്നു’; കായണ്ണ മാട്ടനോട് ചന്ദനവയലിലെ ആള്‍ദൈവത്തിനെതിരെ സി.പി.എം
പേരാമ്പ്ര: കായണ്ണ മാട്ടനോട് ചന്ദനവയലിലെ ആള്‍ദൈവത്തിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ. ആള്‍ദൈവം ചമയുന്ന ചാരുപറമ്പില്‍ രവി ക്ഷേത്രത്തിന്റെ മറവില്‍ നടത്തുന്ന ചൂഷണം അനുവദിക്കില്ലെന്ന് കൂട്ടായ്മ വ്യക്തമാക്കി. തിങ്കളാഴ്ച സര്‍വ്വകക്ഷിയോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
വീടിനു സമീപം ക്ഷേത്രം നിര്‍മിച്ചാണ് ‘ആള്‍ദൈവം’ ദര്‍ശനം നല്‍കുന്നത്. ദൂരസ്ഥലങ്ങളില്‍നിന്നുപോലും ഇവിടെ ആളുകള്‍ എത്തുന്നുണ്ട്. വിവിധ പ്രയാസം അനുഭവിക്കുന്നവരെ വിശ്വാസത്തിന്റെ മറവില്‍ ചൂഷണം ചെയ്യുന്നത് പുറത്തായത് ആള്‍ദൈവം ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റിലായതോടെയാണ്.
ഇയാളുടെ കാമുകിയുടെ മകനെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചെന്നായിരുന്നു കേസ്. നാടിനെ അന്ധവിശ്വാസത്തിലേക്ക് നയിക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്ന് സി.പി.എം വ്യക്തമാക്കി.
സി.പി.എം ഏരിയ കമ്മിറ്റി അംഗവും ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റുമായ കെ. സുനില്‍ ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. എ.സി. സതി അധ്യക്ഷത വഹിച്ചു. കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി, കെ. സജീവന്, ടി.സി. ജിബിന്‍, എ.സി. ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.