‘നന്തി വന്മുഖം – കിഴൂര്‍ റോഡ് ഫ്ലൈ ഓവർ സ്ഥാപിക്കുക, വീമംഗലം-നന്തി ടൗണ്‍ പ്രദേശിക റോഡ് പുനസ്ഥാപിക്കുക’; പ്രതിഷേധം കടുപ്പിച്ച് ദേശീയപാത 66 ജനകീയ കമ്മിറ്റി, നന്തി ടൗണില്‍ സമര സായാഹ്നം
നന്തി: ഡ്രെയിനേജ് നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കുക, നന്തി വന്മുഖം – കിഴൂര്‍ റോഡ് ഫ്ലൈ ഓവര്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മൂടാടി ഗ്രാമപഞ്ചായത്ത് ദേശീയപാത 66 ജനകീയ കമ്മിറ്റി സമര സായാഹ്നം സംഘടിപ്പിച്ചു. നന്തി ടൗണിൽ ഇന്ന് വൈകിട്ട് 4മണിക്ക് സംഘടിപ്പിച്ച സമരം എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. സഞ്ചാര സ്വാതന്ത്ര്യം തടയുന്ന തരത്തിൽ നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ പ്രവൃത്തികൾ പുന:പരിശോധിച്ച് ജനങ്ങളുടെ യാത്രാമാർഗ്ഗം സുഗമമാക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
വീമംഗലം-നന്തി ടൗണ്‍ പ്രദേശിക റോഡ് പുനസ്ഥാപിക്കുക, ഇരുപതാം മൈല്‍സില്‍ അണ്ടര്‍പാസും, മൂടാടി ഗോപാലപുരത്ത് ഫൂട്ട് ഓവര്‍ ബ്രിഡ്ജും സ്ഥാപിക്കുക, നന്തിയിലും മൂടാടിയിലും സര്‍വ്വീസ് റോഡില്‍ നിന്നും ദേശീയ പാതയിലേക്ക് പ്രവേശനം അനുവദിക്കുക, നന്തി ശ്രീശൈലം കുന്നില്‍ സ്ഥിതി ചെയ്യുന്ന എഫ്എംആറിന്റെ ഭാഗത്തുള്ള മണ്ണിടിച്ചില്‍ തടയാന്‍ കോണ്‍ഗ്രീറ്റ് മതിലുകള്‍ സ്ഥാപിക്കുക തുടങ്ങിയവ ആവശ്യപ്പെട്ടായിരുന്നു സമര സായാഹ്നം സംഘടിപ്പിച്ചത്.
നിർദ്ദിഷ്ട ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന വന്മുഖം- കീഴൂർ പി.ഡബ്ല്യു.ഡി റോഡ് നിലവിലെ പ്ലാൻ അനുസരിച്ച് അടക്കുന്ന നിലയിലാണ്. 20-ാം മൈൽ, പാലൂർ മേഖലയിൽ അണ്ടർ പാസും ഗോപാലപുരം മേഖലയിൽ ഫൂട്ട് ഓവർ ബ്രിഡ്ജും അനിവാര്യമായ സാഹചര്യമാണ് ഉള്ളത്. ദേശീയപാതയുടെ സർവ്വീസ് റോഡിനോട് ചേർന്നുള്ള ഡ്രൈനേജ് നിർമ്മാണത്തിലും അപാകതകൾ നിലനിൽക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങൾക്ക് നാഷണൽ ഹൈവേ അതോറിറ്റി പരിഹാരം കാണണമെന്ന് ജനകീയ കമ്മിറ്റി ആവശ്യപ്പെട്ടു.
മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. രാമകൃഷ്ണൻ കിഴക്കയിൽ, ജില്ലാ പഞ്ചായത്തംഗങ്ങളായ എം.പി ശിവാനന്ദൻ, ദുൽഖിഫിൽ, ജനപ്രതിനിധികളായ കെ.ജീവാനന്ദൻ, ചൈത്രാ വിജയൻ, പപ്പൻ മൂടാടി, സുഹറ ഖാദർ, എം.കെ മോഹനൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വിജയരാഘവൻ മാസ്റ്റർ, രൂപേഷ് കൂടത്തിൽ, കെ.എം കുഞ്ഞിക്കണാരൻ, എം.നാരായണൻ, ചേനോത്ത് ഭാസ്കരൻ, സി.ഗോപാലൻ, സിറാജ് മുത്തായം, യു.വി മാധവൻ, റസൽ നന്തി, കൺവീനർ വി.വി സുരേഷ് എന്നിവർ സംസാരിച്ചു.
Description: ‘Establish Nandi – Vanmugam – Keezhur Road Flyover; National Highway 66 People’s Committee