ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് പരിശീലനത്തിന് കൊയിലാണ്ടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കം


കൊയിലാണ്ടി: പ്രൈമറി ക്ലാസുകളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കേരള സര്‍ക്കാര്‍ കൈറ്റിന്റെ സഹായത്തോടെ ആരംഭിക്കുന്ന ഇ- ലാംഗ്വേജ് ലാബ് പരിപാടിയില്‍ അധ്യാപകര്‍ക്കുള്ള പരിശീലനപരിപാടി കൊയിലാണ്ടി ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു.

എല്‍.പി യു.പി വിഭാഗങ്ങളിലായി ഒന്നാം ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള അധ്യാപകര്‍ക്കാണ് പരിശീലനം. ഈ അവധിക്കാലത്ത് പരിശീലനം പൂര്‍ത്തിയാക്കുമെന്ന് കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ നാരായണന്‍ അറിയിച്ചു. സംസ്ഥാന പരിശീലകന്‍ കെ.ടി. ജോര്‍ജ്, ജില്ലാ പരിശീലകരായ രാജീവന്‍ ഇ.കെ, ജിതേഷ് കൊയമ്പ്രത്ത്, കിരണ്‍ കെ.എസ്, ജിതേഷ്.കെ, ഉഷാകുമാരി തുടങ്ങിയവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

ഉപജില്ലാജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുധ, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ യുസഫ് എന്നിവര്‍ പരിശീലനക്യാംപ് സന്ദര്‍ശിച്ചു.

ഈ ലാംഗ്വേജ് ലാബ് എന്ന സോഫ്റ്റ്വെയറിന്റെ ഇന്‍സ്റ്റലേഷനും മറ്റു പ്രവര്‍ത്തനങ്ങളുമാണ് പരിശീലനത്തില്‍ പ്രധാനമായും പരിചയപ്പെടുത്തുന്നത്. സ്‌കൂളുകളില്‍ സ്ഥാപിക്കപ്പെടുന്ന ലാംഗ്വേജ് ലാബില്‍ കുട്ടികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സ്വയം വിലയിരുത്താനും സ്വന്തം ഉല്‍പന്നങ്ങള്‍ അധ്യാപകര്‍ക്ക് ലഭിക്കുന്ന രീതിയില്‍ അപ്ലോഡ് ചെയ്യാനും സാധിക്കും എന്നതാണ് ഈ സോഫ്റ്റ്വെയറിന്റെ സവിശേഷത.