പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ ആന ഇടഞ്ഞു; അപകടം നവരാത്രി ആഘോഷങ്ങള്‍ക്കിടെ


കൊയിലാണ്ടി: പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ ആന ഇടഞ്ഞു. ഇന്നലെ വൈകിട്ട് 5.15ഓടെയാണ് സംഭവം. നവരാത്രി ആഘോഷങ്ങള്‍ക്കായി എത്തിച്ച ചിറക്കല്‍ പരമേശ്വരന്‍ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിനായി ആനയെ റോഡില്‍ നിന്നും ക്ഷേത്രമുറ്റത്തേക്ക് കൊണ്ടു വരുന്നതിനിടെയാണ് സംഭവം.

ഈ സമയം റോഡില്‍ ബൈക്കിലൂടെ ഒരു കുടംബം യാത്ര ചെയ്തിരുന്നു. ആന ഇടഞ്ഞതോടെ ഇവര്‍ക്ക് ചെറിയ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. ഇവര്‍ ഇന്നലെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇതിനിടെ ക്ഷേത്രമുറ്റത്ത് ഉണ്ടായിരുന്ന മേളക്കാര്‍ പെട്ടെന്ന് തന്നെ ഒഴിഞ്ഞുമാറിയതിനാലാണ് വലിയ അപകടം ഒഴിവായത്.

മാത്രമല്ല പാപ്പന്മാര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ആനയെ തളച്ചതും വൈകിട്ട് പെയ്ത മഴ കാരണം ക്ഷേത്രത്തില്‍ അധികം ആളില്ലാത്തതുമാണ് വലിയൊരു അപകടത്തില്‍ നിന്നും രക്ഷയായത്. സംഭവത്തെ തുടര്‍ന്ന് ഇടഞ്ഞ ആനയെ മാറ്റി പുതിയ ആനയെ കൊണ്ടുവരാന്‍ ക്ഷേത്രകമ്മിറ്റി തീരുമാനിച്ചു.

Description: Elephant falls in Poyilkkavu Durga Devi temple