‘പതിവായി കണ്ടിരുന്നത് തീവ്രവാദ ബന്ധമുള്ള വീഡിയോകൾ, എലത്തൂരിലെ ട്രെയിനിൽ നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയുള്ള ആക്രമണം; കുറ്റം ചെയ്തത് ഷാരൂഖ് സെയ്‌ഫി തന്നെയെന്ന്’ എ ഡി ജി പി


കൊയിലാണ്ടി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടത്തിയതെന്ന് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍. ഷാരൂഖ് സെയ്ഫി തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും അതിന്റെ തെളിവുകളെല്ലാം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഷാരൂഖ് സെയ്ഫിക്ക് മറ്റ് സംഘടനകളുടെ സഹായം ലഭിച്ചോ എന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എഡിജിപി അറിയിച്ചു.

ഷാരൂഖ് സെയ്ഫി തീവ്രനിലപാടുകള്‍ വച്ചുപുലര്‍ത്തുന്ന ആളാണ്. അത്തത്തിലുള്ള വിഡിയോകള്‍ സ്ഥിരം കാണുന്ന ആളാണ് പ്രതി. സാക്കിര്‍ നായിക്ക് പോലുള്ള റാഡിക്കലൈസ്ഡ് ആള്‍ക്കാരുടെ വീഡിയോകള്‍ ഷാരൂഖ് നിരന്തരം വീക്ഷിച്ചിരുന്നു. ഷാരൂഖ് സെയ്ഫി റാഡിക്കലൈസ്ഡാണ്. ഇത്തരമൊരു കാര്യം ചെയ്യാന്‍ പ്ലാന്‍ ചെയ്തുതന്നെയാണ് വന്നത്. അദ്ദേഹം വരുന്ന പ്രദേശം നിങ്ങള്‍ക്ക് അറിയാം. നിങ്ങള്‍ അന്വേഷിച്ചിട്ടുള്ളതാണ്. അന്വേഷണം രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ. വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും എഡിജിപി പറഞ്ഞു.

ഷാരൂഖ് സെയ്ഫി ദില്ലിയില്‍ നിന്ന് കേരളത്തിലെത്തിയതു മുതല്‍ കൃത്യം ചെയ്ത് രത്‌നഗിരിയിലേക്ക് കടന്നതു വരെയുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. പ്ലസ് ടുവാണ് ഷാരൂഖ് സെയ്ഫിയുടെ വിദ്യാഭ്യാസം. ആദ്യമായിട്ടാണ് കേരളത്തിലെത്തിയത് എന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. പ്രതിക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും എഡിജിപി പറഞ്ഞു.