മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ കൊയിലാണ്ടിയിൽ വിപുലമായ ഒരുക്കങ്ങൾ; എല്ലാ ഞാറാഴ്ച്ചയും ഡ്രൈ ഡെ, കിണറുകൾ ക്ലോറിനേഷൻ നടത്തും, സമ്പൂർണ ശുചിത്വ പ്രഖ്യാപനവും
കൊയിലാണ്ടി: നഗരസഭയിൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനനങ്ങൾ ഏകോപിക്കുന്നതിന് നഗരസഭയിൽ സംഘാടക സമിതി രൂപീകരിച്ചു. മെയ് 15 മുതൽ 31 വരെ നഗരസഭയിൽ തീവ്ര ശുചീകരണ പരിപാടികൾ ആസൂത്രണം ചെയ്തു. മെയ് 18, 19 തിയ്യതികളിൽ 44 വാർഡുകളിലും ചെറു ടൗണുകളും വിപുലമായ രീതിയിൽ സന്നദ്ധ സംഘടനകൾ, യുവജന സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന, എന്നിവരുടെ സഹകരണത്തോടെ ശുചീകരണം നടത്തും. മെയ് 25 ന് വൻ ജനപങ്കാളിത്തത്തോടെ കൊയിലാണ്ടി നഗരം ശുചീകരിക്കും.
എല്ലാ ഞാറാഴ്ച്ചയും ഡ്രൈ ഡെ ആചരിക്കാനും ധാരണയായി. നഗരസഭയിലെ മുഴുവൻ കിണറുകളും ക്ലോറിനേഷൻ നടത്തും. മുഴുവൻ വിദ്യാലയങ്ങളും ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും ശുചീകരിക്കും. ശേഷം മെയ് 31 ന് സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തും.
സംഘാടക സമിതി യോഗം നഗരസഭ ചെയർപേഴ്സൺ സുധ കെ.പി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ അധ്യഷത വഹിച്ചു. നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി പ്രവർത്തന പദ്ധതി അവതരിപ്പിച്ചു.
സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ ഷിജു മാസ്റ്റർ, ഇ കെ അജിത്ത് മാസ്റ്റർ, നിജില പറവകൊടി, കൗൺസിലർ വൈശാഖ് കെ.കെ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വിനോദ്, മെഡിക്കൽ ഓഫീസർ ഡോ: ഷീബ കെ.ജെ, ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപ് മരുതേരി, സി രാജേഷ്, ബിന്ദുകല എന്നിവർ സംസാരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സി പ്രജില സ്വാഗതവും നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി.കെ സതീഷ് കുമാർ നന്ദിയും പറഞ്ഞു.
യോഗത്തിൽ കൗൺസിലർമാർ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , വാർഡ് ശുചിത്വ സമിതി കൺവീനർമാർ , വാർഡ് വികസന സമിതി കൺവീനർമാർ , തൊഴിലുറപ്പ് മേറ്റുമാർ , ഹരിത കർമ്മ സേന പ്രതിനിധികൾ, വ്യാപാ വ്യവസായി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.