പൊയില്‍ക്കാവിൽ തെരുവുനായയുടെ ആക്രമണത്തിൽ എട്ട് പേർക്ക് കടിയേറ്റു; വീടിനുള്ളിൽ കയറിയും നായയുടെ ആക്രമണം, പേവിഷബാധയെന്ന് സംശയം, നായയെ നാട്ടുകാർ തല്ലിക്കൊന്നു
പൊയില്‍ക്കാവ്: പൊയില്‍ക്കാവ് കനാല്‍ റോഡിന് സമീപത്ത് നിന്ന് തെരുവ് നായ എട്ടു പേരെ കടിച്ചു. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്നവരെയും, വീട്ടില്‍ നില്‍ക്കുന്നവരെയും യാതൊരു പ്രകോപനവും കൂടാതെ നായ ഓടിക്കടിക്കുകയായിരുന്നു. നായക്ക് പേവിഷബാധയുണ്ടെന്നാണ് നാട്ടുകാരുടെ സംശയം.
പൊയില്‍ക്കാവ് പത്താം വാര്‍ഡ് മെമ്പര്‍ ജയശ്രീയെയാണ് തെരുവ് നായ ആദ്യം കടിക്കുന്നത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട് റോഡില്‍ ശുചീകരണം നടക്കുന്നതിനിടെയാണ് മെമ്പര്‍ക്ക് കടിയേറ്റത്. ഇതിനിടയില്‍ മെമ്പറെ രക്ഷിക്കാനെത്തിയ രാജീവന്‍ എന്നയാള്‍ക്കും കാലിന് കടിയേറ്റു. തുടര്‍ന്ന് അവിടെ നിന്നും ഓടിയ നായ എടക്കണ്ടത്തില്‍ എന്ന വീട്ടില്‍ കയറി മുന്‍വശത്ത് നില്‍ക്കുകയായിരുന്ന ചന്ദ്രനെ കടിച്ചു. ശേഷം വീട്ടില്‍ നിന്നും പുറത്തേക്ക് ഓടിയ നായ പീടിയവളപ്പില്‍ ഫൈസലിനെയും കിടാരത്തില്‍ റഹിയയെയും കടിച്ചു.
ഇതിനിടയില്‍ നായ ആളുകളെ കടിക്കുന്നത് പ്രദേശവാസികള്‍ അറിയുകയും നായയെ പിടികൂടാനായി സംഘമായി തിരിഞ്ഞ് തിരച്ചിലും നടത്തുന്നുണ്ടായിരുന്നു. നായ അക്രമിക്കുന്നുണ്ടെന്ന വിവരമറിഞ്ഞ് രക്ഷയ്ക്കായി വടിയുമായി ഇറങ്ങിയ മീന്‍കച്ചവടക്കാരന്‍ ഫൈസലിനെയും നായ കടിച്ചു. പ്രദേശത്ത് അങ്ങോളമിങ്ങോളം ഓടിനടന്ന നായ ഇതിനിടയില്‍ ഒരു പശുവിനെയും കടിച്ചിരുന്നു.
ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ നായയെ നാട്ടുകാര്‍ തല്ലിക്കൊല്ലുകയായിരുന്നു. അക്രമണത്തില്‍ കൈക്കും കാലിനും പരിക്കേറ്റ് എട്ടുപേരും ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ നേടി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.