കക്കുളം പാടശേഖരത്തോട് അനുബന്ധിച്ചുള്ള നടേരി പുഴയുടെ തീരത്തെ തണ്ണീര്‍ത്തടം മണ്ണിട്ട് നികത്താന്‍ ശ്രമം; നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു


കൊയിലാണ്ടി: കക്കുളപാടശേഖരത്തോട് അനുബന്ധിച്ചുള്ള നടേരി പുഴയുടെ തീരത്തുള്ള തണ്ണീര്‍ത്തടങ്ങളും നീര്‍ച്ചാലുകളും മണ്ണിട്ട് നികത്താന്‍ ശ്രമം. ഇന്നലെയും ഇന്ന് രാവിലെയുമാണ് ഇവിടെ വലിയൊരു പ്രദേശം മണ്ണിട്ട് നികത്താനുള്ള ശ്രമം ആരംഭിച്ചതെന്ന് നാട്ടുകാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

തണ്ണീര്‍ത്തടം നികത്താനുള്ള ശ്രമം പ്രദേശവാസികള്‍ ഇടപെട്ട് തടയുകയായിരുന്നു. തുടര്‍ന്ന് വില്ലേജ് അധികൃതരെ വിവരം അറിയിച്ചു. പ്രദേശവാസികളുടെ പരാതിപ്രകാരം സ്ഥലത്തെത്തുമ്പോഴേക്കും മണ്ണിടാന്‍ ഉപയോഗിച്ച വാഹനങ്ങളെല്ലാം മാറ്റിയിരുന്നെന്ന് കൊല്ലം വില്ലേജ് ഓഫീസര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. സ്ഥലമുടമയ്ക്ക് മണ്ണിടല്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ഒട്ടേറെ നീരുറവകള്‍ ഉള്ള പ്രദേശമാണിത്. ഈ മേഖല മണ്ണിട്ട് നികത്തുന്നത് വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.