ദൃശ്യാവിഷ്‌കാരം വേദിയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് പരിശോധിച്ചിരുന്നു, അപ്പോള്‍ വിവാദമായ വേഷം ഉണ്ടായിരുന്നില്ല, മാതാ പേരാമ്പ്രയ്ക്ക് ഇനി അവസരം നല്‍കില്ല; പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി


തിരുവനന്തപുരം: 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗത ഗാന വിവാദത്തില്‍ ദൃശ്യാവിഷ്‌കാരം നടത്തിയ മാതാ പേരാമ്പ്രയ്‌ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ച മാതാ പേരാമ്പ്രയ്ക്ക് ഇനി അവസരം നല്‍കില്ല. പരിപാടി വേദിയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് പരിശോധിച്ചിരുന്നുവെന്നും അപ്പോള്‍ വിവാദമായ വേഷം ഉണ്ടായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ദൃശ്യാവിഷ്‌ക്കാരം വിവാദമായതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് സി.പി.ഐ.എം. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് രംഗത്തെത്തിയിരുന്നു. സംഭവം വിമര്‍ശനത്തിനിടയാക്കിയത് സി.പി.ഐ.എം. ഗൗരവത്തോടെ കാണുന്നുവെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ദൃശ്യാവിഷ്‌ക്കാരത്തില്‍ ഒരു ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരും കേരളീയ സമൂഹവും ഉയര്‍ത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണ്.

തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ലെന്നും സി.പി.ഐ.എം വ്യക്തമാക്കി. ഇത്തരമൊരു ചിത്രീകരണം ഉണ്ടായതെങ്ങനെയെന്ന് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അവശ്യപ്പെട്ടിരുന്നു.

summary: education minister against mata perambra who made the controversy welcome song in the state school arts festival