കോഴിക്കോട് ഗോകുലം സ്ഥാപനത്തിലും ഇഡി റെയ്‌ഡ്; ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നു


Advertisement

കോഴിക്കോട്: പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ കോഴിക്കോട് ഗോകുലം സ്ഥാപനത്തിലും ഇ.ഡി റെയ്‌ഡ്. അരയിടത്ത് പാലത്തുള്ള ഗോകുലം ഗ്രാൻഡ് കോർപ്പറേറ്റ് ഓഫീസിലും ഗോകുലം ഗ്രാൻ്റ് ഹോട്ടലിലുമാണ് പരിശോധന നടക്കുന്നത്. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട്‌ ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യുകയാണ്‌.

Advertisement

വിദേശ നിക്ഷേപം എന്തിനാണ് സ്വീകരിച്ചത്, ഏത് ഘട്ടത്തിലാണ് ഇത്തരമൊരു നിക്ഷേപം സ്വീകരിച്ചത് തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹത്തോട് ചോദിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. കൊച്ചി ഇഡി ഓഫീസിൽ നിന്നുള്ള സംഘം 11.30യോടെയാണ് ഓഫീസിലെത്തിയത്. ടാക്സി വാഹനങ്ങളിൽ ഹോട്ടലിലെത്തിയ ഉദ്യോഗസ്ഥർ പിന്നീട് ഗോകുലം മാളിലേക്കും പരിശോധനയ്ക്ക് പോവുകയായിരുന്നു. ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ ഗോകുലം ഗോപാലൻ കോർപറേറ്റ് ഓഫീസിൽ ഉണ്ടായിരുന്നു. രാവിലെ 24 ന്യൂസ് ചാനലിൻ്റെ ഡയറക്ടർ ബോർഡ് യോഗം നടക്കുമ്പോഴായിരുന്നു ഇ.ഡി സംഘമെത്തിയത്‌.

Advertisement

ചിട്ടി ഇടപാടിന്റെ പേരിൽ ഫെമ നിയമ ലംഘനം നടത്തി എന്ന ആരോപണത്തെ തുടർന്ന് ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ഗോപാലന്റെ ധനകാര്യ സ്ഥാപനത്തില്‍ ഇന്ന് രാവിലെ ഇഡി റെയ്ഡ് നടത്തിയിരുന്നു. ആദായ നികുതി വകുപ്പ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട തുടർ അന്വേഷണത്തിനും തെളിവുകൾ ശേഖരിക്കാനുമാണ് പരിശോധന നടത്തുന്നതെന്നാണ് ഇഡി കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.

Advertisement

എമ്പുരാന്‍ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ് ഗോകുലം ഗോപാലന്‍. സിനിമ ലൈക്ക പ്രൊഡക്ഷൻസുമായി ബന്ധപ്പെട്ട് തര്‍ക്കത്തിൽ എത്തിയപ്പോൾ അവസാന നിമിഷമാണ് ഗോകുലം ഗോപാലൻ പങ്കാളിയായി എത്തിയത്‌. സിനിമക്കെതിരെ സൈബര്‍ ആക്രമണം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടക്കുന്നത്‌.

Description: ED raids Kozhikode Gokulam institution