തൃശ്ശൂരിലെ ഭൂചലനം; കുന്നംകുളത്ത് വീടിന് വിള്ളല്‍, ആശങ്കയില്‍ വീട്ടുകാര്‍
തൃശൂര്‍: തൃശ്ശൂരിലുണ്ടായ ഭൂചലനത്തില്‍ കുന്നംകുളത്ത് വീടിന് വിള്ളല്‍. വീടിന്റെ മുകള്‍ ഭാഗത്താണ് വലിയ രീതിയില്‍ വിള്ളല്‍ വീണിരിക്കുന്നത്. വീടിന്റെ മുറിക്കുള്ളിലും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. ഭൂചനമുണ്ടാവുമ്പോള്‍ വലിയ ശബ്ദം കേട്ടുവെന്നും, ഉടന്‍ തന്നെ വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും വീട്ടുടമ പറഞ്ഞു.
ഇന്ന് രാവിലെ 8.15ഓടെയാണ് തൃശ്ശൂരിലും പാലക്കാടും ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രണ്ട് സ്ഥലങ്ങളിലും അനുഭവപ്പെട്ടത്. തൃശൂര്‍ ജില്ലയിലെ വേലൂര്‍, കടങ്ങോട്, എരുമപ്പെട്ടി, വരവൂര്‍, ഗുരുവായൂര്‍, പഴഞ്ഞി, കാട്ടകാമ്പാല്‍, മങ്ങാട് മേഖലകളിലാണ് ഭൂചലനമുണ്ടായത്.
പാലക്കാട് ജില്ലയില്‍ തിരുമറ്റക്കോടിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. ഇവിടെയും രാവിലെ 8.15നാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ ഇടിമുഴക്കത്തോടെയുള്ള ശബ്ദമാണ് കേട്ടതെന്നും പ്രകമ്പനം മൂന്ന് സെക്കന്‍ഡ് നീണ്ടുനിന്നെന്നും സ്ഥലവാസികള്‍ പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു.