തിക്കോടിയില്‍ അടിപ്പാതയ്ക്കായി അനുഭാവപൂര്‍വ്വം ഇടപെടല്‍ നടത്തും; നിവേദനവുമായെത്തിയ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്


തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയെ ഇക്കാര്യം ബോധ്യപ്പെടുത്താനുള്ള ഇടപെടല്‍ നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. ഈ ആവശ്യമുന്നയിച്ച് നിവേദനം നല്‍കിയ അടിപ്പാത ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ക്കാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച് ഉറപ്പുനല്‍കിയത്. കാനത്തില്‍ ജമീല എം.എല്‍.എയുടെ നേതൃത്വത്തില്‍ തിക്കോടി ടൗണ്‍ എന്‍.എച്ച് അടിപ്പാത ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നിവേദനം നല്‍കിയത്.

തിക്കോടി ടൗണില്‍ അടിപ്പാതയുടെ ആവശ്യകത സംഘം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. അനുഭാവപൂര്‍ണ്ണം പ്രശ്‌നം പരിഹരിക്കാനാവശ്യമായ ഇടപെടല്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കാനത്തില്‍ ജമീലയ്ക്കു പുറമെ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ വിശ്വന്‍.ആര്‍, ഷക്കീല.കെ.പി. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍.കെ.വി. സുരേഷ്, ചെയര്‍മാന്‍.വി.കെ അബ്ദുള്‍ മജീദ്, ബിജു കളത്തില്‍, ശ്രീധരന്‍ ചെമ്പിഞ്ചില, ജംഷീദലി കഴുക്കയില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും ഇക്കാര്യത്തില്‍ അനുഭാവപൂര്‍വ്വമായ ഇടപെടല്‍ വാഗ്ദാനം ചെയ്തിരുന്നു. സമരസമിതിയെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഉറപ്പ് വലിയ പ്രതീക്ഷയാണെന്ന് ആര്‍.വിശ്വന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Summary: underpass in thikkodi Chief Minister’s assurance to the action committee workers who came with the petition