മേപ്പയൂരിൽ ഡി.വൈ.എഫ്.ഐ – യു.ഡി.എഫ് സംഘർഷം; നിരവധി പേർക്ക് പരിക്ക്, പോലീസ് ലാത്തിവീശി


മേപ്പയ്യൂർ: മേപ്പയൂരിൽ ഡി.വൈ.എഫ്.ഐ – യു.ഡി.വൈ.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സി.പി.എം മേപ്പയ്യൂർ സൗത്ത്
ലോക്കൽ കമ്മറ്റി അംഗം എസി അനൂപ്, ഡി.വൈ.എഫ്.ഐ സൗത്ത് മേഖലാ സെക്രട്ടറി അമൽ ആസാദ്, ധനേഷ്.സി.കെ,
അരുൺ ജിദേവ് കെ.എസ്.യുവിന്റെ ജില്ലാ സെക്രട്ടറി ആദില്‍ മുടിയോത്ത്, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി അജ്‌നാസ്  തുടങ്ങി നിരധി പേർക്ക് പരുക്കേറ്റു. പ്രവർത്തകരെ പിരിച്ചു വിടാൻ പോലീസ് ലാത്തി വീശി.

പരിക്കേറ്റ പ്രവർത്തകരെ കൊയിലാണ്ടി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ സി.പി.എം മേപ്പയ്യൂർ സൗത്ത് ലോക്കൽ കമ്മറ്റി അംഗം എ.സി അനൂപിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.
ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തെ കോൺഗ്രസ് ലീഗ് സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നത്.

ഇന്നലെ നടന്ന സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉടലെടുത്തത്. തെരഞ്ഞെടുപ്പിൽ ആദ്യം വോട്ടെണ്ണിയപ്പോള്‍ യു.ഡി.എസ്.എഫ് പ്രതിനിധികൾ വിജയിച്ചതായാണ് പുറത്ത് വന്നത്. എന്നാൽ യു.ഡി.എഫ് അനുകൂല അധ്യാപകർ കൃതൃമം കാട്ടിയതായി ആരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചതോടെ വോട്ടുകൾ വീണ്ടും എണ്ണുകയും ആകെയുള്ള 10 സീറ്റിൽ 9 സീറ്റും എസ്.എഫ്.ഐ വിജയിക്കുകയും ചെയ്യുകയായിരുന്നു.

ഡി. വൈ.എഫ്.ഐ പ്രവർത്തകർ ഇടപെട്ട് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതാണ് എന്ന് ആരോപിച്ച് ഇന്ന് വൈകീട്ട് മേപ്പയ്യൂരിൽ യു.ഡി.വൈ.എഫ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരും പ്രകടനമായി എത്തി. തുടർന്ന് പോർവിളികളോടെ ഇരുകൂട്ടരും നിലയുറപ്പിക്കുകയും സംഘർഷത്തിൽ എത്തുകയുമായിരുന്നു. പോലീസ് ലാത്തിവീശിയതോടെയാണ് പ്രവർത്തകർ പിരിഞ്ഞു പോയത്. പ്രധേശത്ത് നിലവിൽ സംഘർഷാവസ്ഥയ്ക്ക് അയവുണ്ട്.