”ഒരു ഉറക്ക് തെളിയുന്നതിന് മുമ്പ് എല്ലാം ഇല്ലാതായവരാണ് അവര്, അതുകൊണ്ട് ഇതിന് എനിക്ക് കൂലി ഒന്നും വേണ്ട” വയനാടിനുവേണ്ടി മുതുകാട് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് വന്‍വിജയമായത് ഇങ്ങനെയൊക്കെയാണ്; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ കുറിപ്പ് വായിക്കാം
മുതുകാട്: വയനാടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ശ്രമങ്ങളിലാണ് നമ്മുടെ നാട്. വയനാടിനെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനത്തില്‍ നാടൊന്നിച്ചു നില്‍ക്കുന്ന കാഴ്ചയാണ് നമ്മള്‍ ഈ ദിവസങ്ങളില്‍ കാണുന്നത്. പേരാമ്പ്ര മുതുകാട് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലും ഈ കൂട്ടായ്മയും സഹകരണവുമാണ് ദൃശ്യമായത്. ബിരിയാണി ചലഞ്ച് വന്‍വിജയമാക്കി തീര്‍ത്ത നാട്ടുകാരെക്കുറിച്ച് പ്രദേശവാസിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ രതിന്‍ ചെങ്ങോട്ടക്കൊല്ലി എഴുതിയ കുറിപ്പ് വായിക്കാം.
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കാനുള്ള ധനശേഖരണാര്‍ത്ഥം ഡി.വൈ.എഫ്.ഐ മുതുകാട് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചില്‍ ചെങ്കോട്ടക്കൊല്ലി യൂണിറ്റില്‍ ബിരിയാണി എത്തിച്ചു നല്‍കാന്‍ വിളിച്ചതാണ് സജിയേട്ടനെ. ബിരിയാണി ഉണ്ടാക്കിയ സ്ഥലത്ത് എത്തിയ സജിയേട്ടന്‍ ആദ്യം തന്നെ 400 രൂപ എടുത്തു ഇത് എന്റെ വീട്ടിലെ ബിരിയാണിയുടെ പൈസ പിടിക്കെന്ന് പറഞ്ഞു.
ബിരിയാണി വണ്ടിയില്‍ കയറ്റാന്‍ ഒക്കെ സജിയേട്ടന്‍ തന്നെ മുന്‍കൈയെടുത്തു. ഓരോ വീടുകള്‍ കയറുമ്പോഴും എന്നെക്കാളും ഉഷാറില്‍ സജിയേട്ടന്‍ ബിരിയാണി പായ്ക്കറ്റുമായി വീടുകള്‍ കയറി. വണ്ടിയോടിക്കുമ്പോഴും സജിയേട്ടന്‍ അടുത്തത് എവിടെയാണ് എത്രയാണ് പേക്കറ്റ് എന്നൊക്കെ ചോദിച്ചു മനസ്സിലാക്കും. ഒരു സ്ഥലത്ത് വണ്ടി വെക്കുമ്പോള്‍ മൂപ്പര് വേഗം ചാടി ഇറങ്ങി ബിരിയാണിയുമായി വീടുകളിലേക്ക് പോകും. ഞാനൊരു വീട്ടില്‍ കയറുമ്പോള്‍ സജിയേട്ടന്‍ രണ്ടോ മൂന്നോ വീട്ടില്‍ ബിരിയാണി കൊടുത്ത് ഇറങ്ങിയിട്ടുണ്ടാവും.
ബിരിയാണി നല്‍കുന്ന സമയങ്ങളില്‍ ഒക്കെയും സജിയേട്ടന് മറ്റ് ഓട്ടങ്ങള്‍ വരുന്നുണ്ട് അവരോടൊക്കെ ഇങ്ങനെ പറയും ഞാന്‍ ബിരിയാണി കൊടുക്കുകയാണ് നിങ്ങള്‍ വേറെ ഓട്ടോ വിളിച്ചോ എന്ന്. പതിനൊന്നരയോടെ ബിരിയാണി എല്ലാ വീടുകളിലും എത്തിച്ച് തിരിച്ച് ബിരിയാണി പാക്ക് ചെയ്യുന്ന സ്ഥലത്തേക്ക് പോകുമ്പോള്‍ മുതുകാട് അങ്ങാടിയില്‍ വണ്ടി നിര്‍ത്തി ഞാന്‍ ബിരിയാണിയുടെ പൈസ എണ്ണിത്തിട്ടപ്പെടുത്തി വണ്ടിക്കൂലി എത്രയാണെന്ന് ചോദിച്ചപ്പോള്‍ സജിയേട്ടന്‍ പറഞ്ഞത് ഇങ്ങനെയാണ്. എടാ ഒരു ഉറക്ക് തെളിയുന്നതിന് മുമ്പ് എല്ലാം ഇല്ലാതായവരാണ് അവര്. അതുകൊണ്ട് ഇതിന് എനിക്ക് കൂലി ഒന്നും വേണ്ട ഞാനും നിങ്ങളുടെ കൂടെ കൂടിയതാണ്. നമുക്കിതൊക്കെ ചെയ്യാനാവുള്ളൂ. ചെയ്യാന്‍ പറ്റുന്നത് ചെയ്യുക അത്രയേ ഞാന്‍ കരുതിയുള്ളൂ.
അങ്ങനെ ഒട്ടനവധി പേര്‍ ഞങ്ങളോടൊപ്പം ഈ ബിരിയാണി ചലഞ്ചില്‍ പങ്കാളികളായിട്ടുണ്ട്. സാധനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തവര്‍, ബിരിയാണി വെച്ച രാജേട്ടനും പൊന്നി ചേട്ടനും, രാഷ്ട്രീയ ഭേദമന്യേ ബിരിയാണി ഓര്‍ഡര്‍ ചെയ്തവരും, വണ്ടിക്കൂലി വാങ്ങാതെ വണ്ടിയോടിയ സജിയേട്ടനും എല്ലാം ഇതില്‍ ഉള്‍പ്പെടും.
എല്ലാവരുടെയും സഹകരണമാണ് ബിരിയാണി ചലഞ്ചിന്റെ വിജയം. ഒരുമയോടെ നമ്മള്‍ വീണ്ടെടുക്കും വയനാടിനെ.