”സ്‌നേഹത്തില്‍ ചാലിച്ച് കൊടുത്തയച്ച ആ പൊതിച്ചോറ് കീഴരിയൂരിന്റെ കരുതലാണ്”; സോഷ്യല്‍ മീഡിയ അന്വേഷിച്ച പൊതിച്ചോര്‍ കീഴരിയൂരിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ശേഖരിച്ചു നല്‍കിയതാണ്


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡി.വൈ.എഫ്.ഐ വിതരണം ചെയ്ത പൊതിച്ചോര്‍ കഴിച്ച അനുഭവം പങ്കുവെച്ചുകൊണ്ട് മംഗലാട് സ്വദേശി നൗഷാദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിച്ച് വൈറലായിരുന്നു. പൊതിച്ചോറിനുള്ളില്‍ നിന്നും ലഭിച്ച ഉപ്പുമാങ്ങയിലൂടെ അനുഭവപ്പെട്ട സ്‌നേഹത്തിന്റെ കരുതലിന്റെയും അനുഭവം പങ്കുവെച്ചുള്ളതായിരുന്നു നൗഷാദിന്റെ കുറിപ്പ്. കുറിപ്പിലൂടെ ഇത് വിതരണം ചെയ്തത് ഏത് ബ്രാഞ്ച് കമ്മിറ്റിയാണെന്ന് അറിയുമെങ്കില്‍ പങ്കുവെക്കാനും ഈ സന്ദേശം അവര്‍ക്ക് എത്തിക്കാനും നൗഷാദ് ആവശ്യപ്പെട്ടിരുന്നു.

ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്കിലെ കീഴരിയൂര്‍ മേഖലാ കമ്മിറ്റി വിതരണം ചെയ്ത ഭക്ഷണത്തെക്കുറിച്ചായിരുന്നു നൗഷാദിന്റെ ഹൃദയസ്പര്‍ശിയായ ഈ കുറിപ്പെന്ന് കണ്ടെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച സ്‌നേഹവും കരുതലും ഡി.വൈ.എഫ്.ഐ പ്രതിനിധികളെ നേരിട്ട് അറിയിക്കാനും അദ്ദേഹം മറന്നില്ല. കീഴരിയൂരിലെ ഡി.വൈ.എഫ്.ഐ ഭാരവാഹികളെ വിളിച്ച് അദ്ദേഹം നന്ദി അറിയിച്ചു. കൂടാതെ നേരില്‍ കാണാനെത്തുമെന്ന് വാക്കുനല്‍കുകയും ചെയ്തതായി ഡി.വൈ.എഫ്.ഐ ഭാരവാഹിയായ ലിനീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

3100 പൊതിച്ചോറുകളാണ് കീഴരിയൂരിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച മെഡിക്കല്‍ കോളേജിലെത്തിച്ചത്. നിപ നിയന്ത്രണം നിലവിലുള്ളതിനാല്‍ 2500 പൊതികള്‍ മാത്രം കൊണ്ടുപോകാനായിരുന്നു തീരുമാനിച്ചതെങ്കിലും പലരും പറഞ്ഞതിലും അധികം പൊതികളുമായെത്തുകയായിരുന്നു. ഇത് നാലാം തവണയാണ് കീഴരിയൂരിന്റെ സ്‌നേഹപ്പൊതി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കായി എത്തുന്നത്. നൗഷാദിനെപ്പോലുള്ളവരുടെ പ്രതികരണങ്ങള്‍ ഇനിയും ഇത്തരം ഉദ്യമങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ കീഴരിയൂരിലെ ജനങ്ങള്‍ക്ക് കരുത്ത് പകരുന്നതാണെന്നും ലിനീഷ് പറഞ്ഞു.

നൗഷാദിന്റെ കുറിപ്പ് വായിക്കാം:

വെള്ളിയാഴ്ച ഉച്ചക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ വിതരണം ചെയ്ത പൊതിച്ചോറ് ഏത് ബ്രാഞ്ച് കമ്മിറ്റിയുടെതാണെന്ന് അറിയുന്നവര്‍ ആരെങ്കിലുമുണ്ടോ?
ഉണ്ടെങ്കില്‍ ഈ മെസ്സേജ് ഒന്ന് അവര്‍ക്ക് എത്തിക്കണം.പ്ലീസ് ??

അന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് ഞങ്ങള്‍ നിപ്പാ ടെസ്റ്റിനുള്ള രക്തം നല്‍കി റിസള്‍ട്ട് വരുന്ന വരെ കാത്തിരിക്കാന്‍ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിയത് .

നന്നായി വിശക്കുന്നുണ്ടായിരുന്നു.
പിപി കിറ്റില്‍ കണ്ണു മാത്രം പുറത്ത് കാണിച്ച് നില്‍ക്കുന്ന നഴ്‌സുമാരോട് ഭക്ഷണം ഉണ്ടോ എന്ന് ചോദിച്ചപ്പോഴാണ് അവര്‍ ആ രണ്ട് പൊതിച്ചോറ് ഞങ്ങള്‍ക്ക് നേരെ നീട്ടിയത്.

ഞങ്ങള്‍ മൂന്നു പേരെ കാത്തിരുന്ന dyfiയുടെ അവസാനത്തെ ആ രണ്ടു പൊതിച്ചോര്‍ ഞങ്ങള്‍ ആവേശത്തോടെ തുറന്നു കഴിക്കാന്‍ തുടങ്ങി..

ആ ഒരു സ്നേഹപ്പൊതിയില്‍ ഒരു ഉപ്പുമാങ്ങ കൂടിയുണ്ടായിരുന്നു..
അത് കണ്ടപ്പോള്‍ കണ്ണ് സന്തോഷംകൊണ്ട് നിറഞ്ഞു പോയി.
ഞങ്ങളെ അറിയാത്ത ഏതോ ഒരു നാട്ടില്‍നിന്ന് ഏതോ ഒരു വീട്ടില്‍ നിന്ന്
ഏതോ ഒരു നല്ല അമ്മ ??
സ്‌നേഹത്തില്‍ ചാലിച്ച് കൊടുത്തയച്ച ഉപ്പുമാങ്ങ.

എപ്പിഡമിക് ആക്ട്‌ടൊന്നും നോക്കാതെ സ്‌നേഹത്തിന്റെ ഉപ്പുമാങ്ങ ഞങ്ങള്‍ മൂന്നുപേരും പങ്കിട്ടെടുത്തു.
മൂന്നു ദിവസം ലഭിച്ച പൊതിച്ചോറുകളും അതീവ രുചികരമായിരുന്നു.
ഐക്കുറയും അയിലയും നല്ല സാമ്പാറും അവിയലുമൊക്കെ പൊതികളില്‍ അവര്‍ സ്‌നേഹത്തോടെ വാട്ടിയ ഇലയില്‍ അടുക്കി വെച്ചിരുന്നെങ്കിലും ആ ഉപ്പുമാങ്ങ കരുതിവെച്ച ആ സ്‌നേഹ കരങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് വെക്കുകയാണ്…

ഇന്ശാല്ലാഹ്
ഈ കാലവും അതിജീവിക്കും നമ്മള്‍..
ഞങ്ങള്‍ വരും നിങ്ങളെ നേരില്‍ കാണാന്‍ ആ സ്‌നേഹ കരങ്ങളെ മാറോട് ചേര്‍ക്കാന്‍.??
അവര്‍ ആരാണെന്ന് കണ്ടുപിടിക്കാന്‍ നിങ്ങള്‍ സഹായിക്കണം??