ആശുപത്രിലാണെങ്കിലും ഓണസദ്യ മുടങ്ങേണ്ട, ഇരുനൂറോളം മുഖങ്ങളിൽ പുഞ്ചിരി വിടർത്തി ഡി.വൈ.എഫ്.ഐ; സ്നേഹ സമ്മാനവുമായി താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യ വിളമ്പി ഈ ചെറുപ്പക്കാർ
കൊയിലാണ്ടി: വീട്ടിലായിരുന്നെങ്കിൽ ഇത്തവണ എങ്ങനെയൊക്കെ ഓണം ആഘോഷിക്കാമായിരുന്നു, സദ്യക്കുള്ള ഒരുക്കങ്ങളൊക്കെ എപ്പോഴേ തുടങ്ങിയേനെ, ഇപ്പൊ ഇല വെട്ടാൻ ആള് പോയിട്ടുണ്ടായിരിക്കും, തുടങ്ങിയ ചിന്തകളുമായി ആശുപത്രിയിൽ മരുന്ന് മണങ്ങളുടെ ഇടയിൽ കഴിയുന്നവരുടെ ഇടയിലേക്ക് സ്നേഹ സമ്മാനവുമായി ഒരു പറ്റം ചെറുപ്പക്കാർ എത്തി. നല്ല വാഴയിലയിൽ ചോറും കറികളും കൂട്ടാനും ഉപ്പേരിയും എല്ലാം കൂട്ടി നല്ല ഉഗ്രൻ സദ്യ നൽകാനായി.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും, ജീവനക്കാർക്കുമാണ് തിരുവോണ ദിനത്തിൽ ഡി.വൈ.എഫ്.ഐ ഓണസദ്യ വിളമ്പിയത്. കോവിഡ് പ്രതിസന്ധിയിൽ ആഹാരം കിട്ടാൻ ബുദ്ധിമുട്ടി തുടങ്ങിയ നാൾ മുതലാണ് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ആശുപത്രിയിൽ ആഹാരം എത്തിച്ചു നൽകി തുടങ്ങിയത്. ഒരു ദിവസം പോലും മുടക്കമില്ലാതെ പ്രഭാത ഭക്ഷണവും അത്താഴവുമാണ് എത്തിക്കുന്നത്. വിശേഷ ദിവസങ്ങളിൽ ഉച്ചഭക്ഷണവും നൽകാറുണ്ടെന്നു ബിജീഷ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. വിഷു, ഓണം ദിവസങ്ങളിൽ സദ്യയും, പെരുന്നാൾ ദിവസം ബിരിയാണിയും നൽകാറുണ്ട്.
ഇരുന്നൂറോളം പേരാണ് ഇന്ന് ഇവർ വിളമ്പിയ സദ്യ കഴിച്ചത്. ബ്ലോക്ക് സെക്രട്ടറി ബിജീഷ് സദ്യ വിളമ്പി ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി ബിജോയ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രദിപൻ, അജീഷ് തുടങ്ങി ഇരുപതോളം പേർ പരിപാടിക്ക് നേതൃത്വം നൽകി. വിവിധ മേഖല കമ്മിറ്റികളിൽ നിന്ന് ഓരോരോ ആഹാരപദാർത്ഥങ്ങൾ തയ്യാറാക്കുകയിരുന്നു ഇന്ന്. സാധാരണ ദിവസങ്ങളിലും നൂറ്റിഎൺപത് – ഇരുന്നൂറ് ആളുകൾക്കിടയിൽ ആഹാരം കഴിക്കാൻ ഉണ്ടാകും.
അവസാനം പായസം കൂടി കഴിച്ചതോടെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മുഖങ്ങളിൽ സന്തോഷത്തിന്റെയും നന്ദിയുടെയും ഇരട്ടി മധുരം.