മുംബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് ലഹരി കടത്ത്, ജോലി സ്ഥലത്തെ പരിചയം മുതലാക്കി വിതരണം; 37 ഗ്രാം ഹെറോയിനുമായി യുവാക്കള്‍ പിടിയില്‍


കോഴിക്കോട്: മുംബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് ലഹരിമരുന്ന് എത്തിക്കുന്ന കണ്ണിയില്‍പെട്ട രണ്ടു കണ്ണൂര്‍ സ്വദേശികള്‍ പിടിയിലായി. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് ഇവരെ പിടികൂടിയത്. കണ്ണൂര്‍ എടക്കാട് തോട്ടട സമാജ്‌വാദി കോളനിയിലെ സുനീഷ് (36), കൂത്തുപറമ്പ് നിര്‍മലയില്‍ രാജേഷ് (32) എന്നിവരാണ് 37 ഗ്രാം ഹെറോയിനുമായി പിടിയിലായത്.

അസി. കമീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും (ഡാന്‍സാഫ്) മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.

പിടികൂടിയ ലഹരിമരുന്ന് മുംബൈയില്‍ നിന്നുമാണ് ഇവര്‍ എത്തിച്ചതെന്നാണ് ചോദ്യംചെയ്യലില്‍ മനസ്സിലായതെന്നും പിടിയിലായവര്‍ മുമ്പും മുംബൈയില്‍നിന്ന് കേരളത്തിന്റെ വിവിധയിടങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ രണ്ടുപേരും ബന്ധുക്കളാണ്.

മുമ്പ് കോഴിക്കോട് ജോലിചെയ്ത പരിചയത്തിലാണ് ഇവിടെയുള്ള ഇടപാടുകാരെ ഇവര്‍ കണ്ടെത്തിയത്. ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താന്‍ തുടരന്വേഷണം നടത്തുമെന്നും നാര്‍കോട്ടിക് സെല്‍ അസി. കമീഷണര്‍ പ്രകാശന്‍ പി. പടന്നയില്‍ പറഞ്ഞു.

ഡാന്‍സഫ് സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത്ത്, എസ്.സി.പി.ഒ അഖിലേഷ്, സി.പി.ഒമാരായ ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍, അര്‍ജുന്‍ അജിത്, ടൗണ്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒമാരായ ഷബീര്‍, ബിനില്‍ കുമാര്‍ പ്രദീഷ്, സി.പി.ഒ സുധീന്ദ്രന്‍ എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.