ലഹരി കച്ചവടം നടക്കുന്നത് ഓണ്‍ലൈനായി; നാട്ടുകാരോ മറ്റോ ചോദ്യം ചെയ്താല്‍ മാഫിയ സംഘം ആക്രമിക്കും; ലഹരി വില്‍പ്പനയുടെ കേന്ദ്രമായി കൊയിലാണ്ടി


കൊയിലാണ്ടി: സ്‌കൂള്‍ തുറന്നതോടെ കൊയിലാണ്ടിയില്‍ സജീവമായി ലഹരി വില്‍പ്പന സംഘങ്ങള്‍. ലിങ്ക് റോഡ്, റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ അടിഭാഗം, റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ഒറ്റപ്പെട്ട റോഡുകള്‍, സ്‌കൂള്‍ കുട്ടികള്‍ നടന്നുവരുന്ന ഇടവഴികള്‍ എന്നിവ ലഹരി മാഫിയാ സംഘങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ മുകളിലേക്ക് കയറാനുള്ള കോണിപ്പടികള്‍ അധികമാരും ഉപയോഗിക്കാത്തതിനാല്‍ ഇവിടം ലഹരി ഉപഭോഗത്തിന് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് പ്രദേശത്തെ കൗണ്‍സിലറായ ലളിത കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. മറ്റുഭാഗങ്ങളില്‍ നിന്നും ആരെങ്കിലും വരുന്നത് ഇവിടെ നിന്നാള്‍ എളുപ്പം മനസിലാകുമെന്നതിനാല്‍ ഇത്തരം സംഘങ്ങള്‍ക്ക് രക്ഷപ്പെടാന്‍ എളുപ്പമാണെന്നും അവര്‍ പറഞ്ഞു.

കച്ചവടം ഓണ്‍ലൈനായി:

ലഹരി കച്ചവടത്തിന് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതോടെ ഇവരെ പിടികൂടുകയെന്നത് പ്രയാസകരമായെന്ന് പ്രദേശത്തെ മുന്‍കൗണ്‍സിലറും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന സുരേന്ദ്രന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഓണ്‍ലൈന്‍ വഴിയാണ് ഇടപാടുകള്‍ നടക്കുന്നത്. വില്‍പ്പനക്കാര്‍ ഏതെങ്കിലും സ്ഥലത്ത് തമ്പടിക്കുകയും ഓണ്‍ലൈന്‍ വഴി ഇതിന്റെ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചോ പത്തോ മിനിറ്റ് മാത്രമാണ് ഇവര്‍ ഒരിടത്ത് ഉണ്ടാവുക. വാഹനങ്ങള്‍ അല്പം അകലെയായാണ് നിര്‍ത്തിയിടാളുളളത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും ഓവര്‍ ബ്രിഡ്ജിനടിയിലും പലരും വാഹനം നിര്‍ത്തിയിടുന്നതിനാല്‍ ലഹരി സംഘങ്ങളുടെ വാഹനം പെട്ടെന്ന് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണെന്നതും ഇവര്‍ക്ക് സഹായകരമാകുന്നുണ്ടെന്ന് സുരേന്ദ്രന്‍ പറയുന്നു.

ജില്ലയുടെ വിവിധ ഭാഗത്തേക്ക് കൊണ്ടുപോകാന്‍ താരതമ്യേന എളുപ്പമുള്ള സ്ഥലം എന്ന നിലയിലാണ് കൊയിലാണ്ടിയില്‍ ലഹരി മാഫിയ സംഘങ്ങള്‍ കേന്ദ്രമാക്കിയത്. പയ്യോളി, ബാലുശേരി, പേരാമ്പ്ര, അത്തോളി എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നാണ് ലഹരി കടത്തുന്നതെന്ന് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നു.

ചോദ്യം ചെയ്യുന്നവര്‍ ആക്രമിക്കപ്പെടുന്നു:

അടുത്തിടെ ഒരു വിദ്യാര്‍ഥിയ്ക്ക് ബലം പ്രയോഗിച്ച് ലഹരി നല്‍കിയ സംഭവമുണ്ടായിരുന്നു കൊയിലാണ്ടിയില്‍. ലഹരി വില്‍പ്പന സംഘങ്ങള്‍ സാധനങ്ങള്‍ കൈമാറുന്നത് നേരിട്ടു കണ്ട കുട്ടിയാണ് ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. ഇതുപോലെ ലഹരി സംഘങ്ങളെ ചോദ്യം ചെയ്യുന്നവരെ ഇത്തരക്കാര്‍ കയ്യേറ്റം ചെയ്ത സംഭവങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അതിനാല്‍ പലരും ഇത്തരക്കാരെ കണ്ടില്ലെന്ന് നടിച്ച് പോവുകയാണ് ചെയ്യുന്നത്.

സ്‌കൂള്‍ കുട്ടികളും ചൂഷണം ചെയ്യപ്പെടുന്നു:

ലഹരി മാഫിയ സംഘങ്ങള്‍ ലഹരി ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ സ്‌കൂള്‍ കുട്ടികളില്‍ ചിലരെ ഉപയോഗിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെന്ന് സുരേന്ദ്രന്‍ പറയുന്നു. സ്‌കൂള്‍ ബാഗില്‍ കളര്‍ ഡ്രസ് കൊണ്ടുവന്ന് ടൗണിലെത്തിയാല്‍ യൂണിഫോം മാറ്റി ഈ വസ്ത്രങ്ങള്‍ അണിഞ്ഞ് ലഹരി വില്‍പ്പന നടത്തുകയാണ് ഇവര്‍ ചെയ്യുകയെന്നും അദ്ദേഹം പറയുന്നു.

പൊലീസും എക്‌സൈസും കുറേക്കൂടി കാര്യക്ഷമമാകണം:

ലഹരി സംഘങ്ങള്‍ക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്നും ഇടപെടലുകളുണ്ട്. എന്നാല്‍ പലപ്പോഴും പൊലീസിന്റെ കണ്ണുവെട്ടിക്കുന്നതാണ് ഇത്തരക്കാരുടെ തന്ത്രങ്ങള്‍. അതിനാല്‍ പൊലീസും എക്‌സൈസും നാട്ടുകാരും ഒരുമിച്ച് നിന്ന് ഇവര്‍ക്കെതിരെ ശക്തമായി രംഗത്തുവരികയാണ് വേണ്ടതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.