കടുത്ത ശുദ്ധജല ക്ഷാമം; ചേമഞ്ചേരിയില്‍ 92 കോടി രൂപയുടെ കുടിവെളള പദ്ധതി വരുന്നു


ചേമഞ്ചേരി: വേനൽ കാലം ആരംഭിക്കുന്നതിനു മുൻപ് തന്നെ കടുത്ത ശുദ്ധജല ക്ഷാമം നേരിടുന്ന ചേമഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ സമഗ്ര കുടിവെളള പദ്ധതി ആവിഷ്‌ക്കരിക്കുന്നു. അതിനു മുന്നോടിയായി നടത്തിയ ശിൽപ്പശാല പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെയാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കുക. ജലജീവന്‍ പദ്ധതി പ്രകാരം 92 കോടി രൂപയാണ് ഇതിനു ചിലവാകുക എന്നതാണ് കണക്കുകൂട്ടിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ചേമഞ്ചേരി ഗ്രാമ പഞ്ചായത്തും സഹായസംഘടനയായ സീഡ് വയനാടും ചേര്‍ന്ന് ശില്പശാല സംഘടിപ്പിച്ചത്.

പഞ്ചായത്ത് സെക്രട്ടറി സി.കെ റെഫീഖ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. പദ്ധതി പ്രവര്‍ത്തനങ്ങളെ കുറിച്ച് ടീംലീഡര്‍ ഷിബുലാല്‍ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് അജിനാഫ് കാച്ചിയില്‍, പഞ്ചായത്ത് അംഗങ്ങളായ സി.രാജലക്ഷ്മി, എം.ഗീത, അബ്ദുള്ളകോയ, എം.കെ മമ്മദ്‌കോയ, റസീന ഷാഫി, വത്സല പുല്യേത്, കണ്ണഞ്ചേരി വിജയന്‍, അബ്ദുല്‍ഹാരിസ്, എം.ഷീല, എം.പി.സന്ധ്യ, അതുല്യ ബൈജു, കെ.കെ.ഗീത, സജിത ഷെറി എന്നിവര്‍ പങ്കെടുത്തു.