ഏപ്രില്‍മാസമായിട്ടും കനാല്‍ വെള്ളം എത്തിയില്ല; കീഴരിയൂരില്‍ കൊടുംവരള്‍ച്ച, കിണറും കുളങ്ങളുമെല്ലാം വറ്റുന്നു


കീഴരിയൂര്‍: നടുവത്തൂരില്‍ കനാല്‍വെള്ളമെത്താത്തത് കാരണം കടുത്ത വരള്‍ച്ച. സാധാരണ ഫെബ്രുവരി മാസത്തില്‍ കീഴരിയൂര്‍ ഭാഗത്ത് കനാല്‍ വെള്ളം എത്താറുള്ളതാണ്. എന്നാല്‍ ഇത്തവണ ഏപ്രിലായിട്ടും വെള്ളമെത്താത്ത സ്ഥിതിയാണ്.

കനാല്‍വെള്ളം പ്രതീക്ഷിച്ച് കൃഷി ചെയ്തവര്‍ക്കെല്ലാം വന്‍നാശനഷ്ടങ്ങളാണ് ഉണ്ടായത്. പച്ചക്കറി, നെല്ല്, വാഴ എന്നിവയെല്ലാം ഉണങ്ങിക്കഴിഞ്ഞു. കിണറുകളിലും വെള്ളം വറ്റിയത് കാരണം കുടിവെള്ളത്തിനും പ്രയാസം നേരിടുകയാണ്.
കനാല്‍വെള്ളത്തെ ആശ്രയിച്ച്

കുളങ്ങള്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലും ജലവിതാനം കുറഞ്ഞു. വേനലിന് മുന്നോടിയായി കനാലില്‍ അറ്റകുറ്റപ്പണി നടത്താത്തും കനാല്‍ ശുചീകരിക്കാത്തതുമാണ് ഇത്തവണ പല മേഖലയിലും കനാല്‍ വെള്ളം തുറന്നുവിടാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയത്.

കനാലില്‍ ചളിയടിഞ്ഞതും കാടുപടര്‍ന്നതും കാരണം വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുകയാണ്. ഇത് കനാലിന്റെ സുരക്ഷയ്ക്കുതന്നെ ഭീഷണി സൃഷ്ടിക്കുമെന്ന സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ സാധിക്കാത്ത അവസ്ഥയാണ്.

കീഴരിയൂരിനു പുറമേ ചേമഞ്ചേരി, മൂടാടി പഞ്ചായത്തുകളിലും കനാല്‍ വെള്ളം വൈകിയത് കാരണം പലമേഖലയിലും കൃഷി നശിച്ചിരുന്നു. കഴിഞ്ഞദിവസം ചേമഞ്ചേരിയിലെ ജനപ്രതിനിധികള്‍ പേരാമ്പ്ര ഇറിഗേഷന്‍ ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.