ഫലം വൈകിയാലോ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമോ ഇനി ഉപരിപഠന സമയത്ത് ഒരുവര്‍ഷം കളയേണ്ട; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വര്‍ഷത്തില്‍ രണ്ട് തവണ പ്രവേശനമാക്കാന്‍ തീരുമാനം


ന്യൂഡല്‍ഹി: സര്‍വകലാശാലകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വര്‍ഷത്തില്‍ രണ്ട് തവണ പ്രവേശനമാക്കാന്‍ തീരുമാനം. യു.ജി.സി ചെയര്‍മാന്‍ ജഗ്ദീഷ് കുമാറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മെയ് അഞ്ചിന് നടന്ന യു.ജി.സി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ജൂലായ്-ആഗസ്റ്റ്, ജനുവരി- ഫെബ്രുവരി എന്നീ മാസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കോളേജുകള്‍ അഡ്മിഷനെടുക്കാം. വിദേശ സര്‍വകലാശാലകളിലെ പ്രവേശന രീതി മാതൃകയാക്കിയാണ് പുതിയ മാറ്റം എന്നാണ് യു.ജി.സി വിശദീകരിക്കുന്നത്.

ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്ക് വര്‍ഷത്തില്‍ രണ്ട് തവണ അഡ്മിഷന്‍ നല്‍കാനായാല്‍ അത് നിരവധി വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുമെന്ന് ജഗദേഷ് കുമാര്‍ പറഞ്ഞു. സ്വകാര്യ ആവശ്യങ്ങള്‍, ആരോഗ്യ ബുദ്ധിമുട്ടുകള്‍, പ്ലസ്ടു ബോര്‍ഡ് ഫലം വൈകുക എന്നീ കാരണങ്ങള്‍ പലതുകൊണ്ടും ജൂലൈയില്‍ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് അതേവര്‍ഷം തന്നെയുള്ള അടുത്ത സെഷനില്‍ അപേക്ഷിക്കാം. ഒരു വര്‍ഷം കളയേണ്ട ആവശ്യം വരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.