‘നിയന്ത്രണം വിട്ട് കാറിലിടിച്ച് മറിഞ്ഞു, പിന്നാലെ തീഗോളമായി ബസ്’; പൂക്കിപറമ്പ് ബസ് അപകടത്തിൽ മരിച്ച കൂരാച്ചുണ്ട്, ചെമ്പനോടെ സ്വദേശികളായ അഞ്ച് ‘ജീസസ് യൂത്ത്’കാരുടെ കഥയുമായി ഡോക്യൂമെന്ററി വെബ് സീരീസ് കാണികളിലേക്ക്
പേരാമ്പ്ര: ബസ് കത്തിയമർന്നപ്പോൾ എരിഞ്ഞടങ്ങിയത് നിരവധി പേരുടെ സ്പനങ്ങളും പ്രതീക്ഷകളുമായിരുന്നു. കൂരാച്ചുണ്ട്, ചെമ്പനോടെ സ്വദേശികളടക്കം നിരവധി പേരുടെ മരണത്തിനിടയാക്കിയ പൂക്കിപറമ്പ് ബസ് അപകടത്തിന്‍റെ നടുക്കുന്ന ഓര്‍മ്മകളുമായി ‘soul fishers’ ഡോക്യൂമെന്ററി വെബ് സീരീസ് കാണികൾക്ക് മുന്നിലേക്ക് എത്തുന്നു. പേരാമ്പ്ര സ്വദേശികളാണ് വെബ് സീരിസിന്റെ അണിയറ പ്രവർത്തകർ.
പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2001 മാര്‍ച്ച് പതിനൊന്നിനാണ് സംസ്ഥാനത്തെ തന്നെ നടുക്കിയ ബസപകടം മലപ്പുറം കോട്ടക്കലിനടുത്ത് പൂക്കിപറമ്പിലുണ്ടായത്. ഗുരുവായൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന പ്രണവം എന്ന സ്വകാര്യബസാണ് കോഴിച്ചെന എ ആർ ക്യാമ്പിന് സമീപത്ത് അപകടത്തില്‍ പെട്ടത്. അമിത വേഗതയില്‍ വന്ന ബസ് നിയന്ത്രണം വിട്ട് ഒരു കാറിലിടിക്കുകയും മറിയുകയും പിന്നാലെ കത്തുകയുമായിരുന്നു.
അപകടം കണ്ട് നിരവധി ആളുകള്‍ ഓടിയെത്തിയെങ്കിലും മിനിട്ടുകള്‍ക്കകം ബസ് തീ വിഴുങ്ങിയതോടെ ആര്‍ക്കും രക്ഷാ പ്രവര്‍ത്തനം നടത്താനായില്ല. ബസ് ജീവനക്കാരും കൂരാച്ചുണ്ട്, ചെമ്പനോടെ സ്വദേശികളടക്കമുള്ള 44 പേര്‍ ബസില്‍ വെന്തുമരിച്ചു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. 22 പേരാണ് അപകടത്തിൽ രക്ഷപ്പെട്ടത്.
പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ മരണപെട്ട കൂരാച്ചുണ്ട് സ്വദേശികളായ റോയി ചുവപ്പുങ്കൽ, ചെമ്പനോട സ്വദേശികളായ രജനി കാവിൽപുരയിടം, ഷിജി കറുത്ത പാറക്കൽ, ബിന്ദു വഴീകടവത്ത്, റീന പാലറ എന്നീ അഞ്ച് ജീസസ് യൂത്തുകളുടെ കഥ പറയുന്നതാണ് soul fishers ഡോക്യൂമെന്ററി വെബ് സീരീസ്. ഈ അഞ്ചുപേരുടെ ജീവിതം, അവരുടെ യാത്ര ബസ് അപകടം, മരണം എന്നീ കാര്യങ്ങൾ ആണ് ഡോക്യൂമെന്ററിയിൽ പരാമർശിക്കുന്നത്.
ജീസസ് യൂത്തിന്റെ സജീവ പ്രവർത്തകരായിരുന്നു അപകടത്തിൽ മരിച്ച കൂരാച്ചുണ്ട്, ചെമ്പനോട സ്വദേശികളായ അഞ്ചു പേരും ഇടുക്കി രാജപുരത്ത് ഇടവക നവീകരണ പ്രവർത്തനം നടത്തി മടങ്ങുകയായിരുന്നു. ഡോക്യൂമിന്ററിയിൽ ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരും പൂക്കിപ്പറമ്പ് നിവാസികളും അനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്.
വെബ് സീരീസ്ന്റെ സംവിധാനം നിർവഹിക്കുന്നത് ചെമ്പ്ര സ്വദേശി ജിന്റോ തോമസാണ്. ജോജോ കപുചിൻ തിരക്കഥയും. ചന്ദു മേപ്പയൂരും വിപിൻ പേരാമ്പ്രയുമാണ് ക്യാമറ കെെകാര്യം ചെയ്തിരിക്കുന്നത്. ,എഡിറ്റിംഗ് അഭിലാഷ് കോക്കാട്. ജസ്റ്റോ ജോസഫാണ് പ്രൊഡക്ഷൻ കൺട്രോളർ. അസിസ്റ്റന്റ് ഡയറക്ടർ വിഷ്ണു മോഹനൻ, സബിൻ എന്നിവരാണ് ഇതിൽ പ്രവർത്തിക്കുന്നു. വെബ് സീരീസിന്റെ ആദ്യ എപ്പിസോഡ് 2022 ഒക്ടോബർ ആറിന് ഗോഡ്സ് ബാൻഡ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും.
Summary: Documentary web series with the story of five ‘Jesus Youth’ natives of Kourachund and Chempanoda who died in the Pookiparama bus accident. Direced by Jinto Thomas