ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിച്ച് സമരത്തില്‍; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് ജനറല്‍ ഡന്റല്‍ ഒ.പികള്‍ മാത്രം
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇന്ന് സ്‌പെഷ്യാലിറ്റി ഒ.പി ബഹിഷ്‌കരിച്ച് സമരത്തില്‍. ജനറല്‍, ഡന്റല്‍ ഒ.പികള്‍ മാത്രമാണ് ഇന്ന് ഉണ്ടാവുക.
കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍നിന്ന് റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടശേഷം വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.സി. രമേശനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കെ.ജി.എം.ഒയുടെ ആഹ്വാനപ്രകാരം ഇന്ന് ഒ.പി ബഹിഷ്‌കരിച്ച് സമരം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കൊയിലാണ്ടിയിലെ ഡോക്ടര്‍മാരുടെ സമരം.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ കൊയിലാണ്ടിയിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഡോ.കെ.സി രമേശനെ ഉടന്‍ ജോലിയില്‍ തിരിച്ചെടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സംഭവവുമായി കുതിരവട്ടത്ത് ഡോക്ടര്‍മാരുടെ അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണം തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കുതിരവട്ടത്ത് ഒ.പി ബഹിഷ്‌കരണം തുടങ്ങിയത്. തിങ്കളാഴ്ച ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ കൂട്ട അവധി എടുക്കും. അത്യാഹിത വിഭാഗവും ലേബര്‍ റൂമും അടിയന്തര ശസ്ത്രക്രിയകളുമൊഴികെയുള്ള സേവനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കും.
ആശുപത്രികളില്‍ നിയോഗിക്കപ്പെട്ട അധിക ചുമതലകളില്‍നിന്ന് ചൊവ്വാഴ്ച മുതല്‍ ഒഴിവാകുമെന്നും കെ.ജി.എം.ഒ ജില്ല ഭാരവാഹികള്‍ അറിയിച്ചു.