‘തന്റെ ഒറ്റയൊരുത്തന്റെ വാക്ക് കേട്ടാണ് ഞാനിതെല്ലാം ചെയ്തത്, തന്റെ പേരിൽ ഞാൻ കേസ് കൊടുക്കും, ന്നാ താൻ കേസ് കൊട്…’; അഭിനന്ദനത്തിന് പകരം അധിക്ഷേപം കേട്ട ഒരു ഡോക്ടറുടെ രസകരമായ കഥ കൊയിലാണ്ടിയിലെ ഡോ. സുധീഷ് എഴുതുന്നു
ഡോ. സുധീഷ്. ടി
തന്റെ പേരിൽ ഞാൻ കേസ് കൊടുക്കും…….
“സാറെ അയാള് വീണ്ടും രക്തം ഛർദിച്ചു” നേഴ്സ് ആണ്.
“ആര് ദിവാകരനോ” ഞാൻ ഞെട്ടിന്ന് വെച്ചാൽ ശരിക്കും ഞെട്ടി.
അമിത മദ്യ പാനം മൂലം കരളു പണിമുടക്കിയ ദിവാകരന് പക്ഷെ കൂട്ടുകാർക്കിപ്പോഴും പഞ്ഞമൊന്നുമില്ല. ഭാര്യ കറുത്ത് മെല്ലിച്ച ഒരു പാവം സ്ത്രീ. ജീവിതം കരയാനുള്ളതാണെന്നും, സ്ത്രീകൾ സർവം സഹകളായിരിക്കണമെന്നും ചെറുപ്പം മുതലേ കേട്ട് ശീലിച്ചതിന്റെ എല്ലാ കുഴപ്പവും അവർക്കുണ്ട്.
കക്ഷിയെ അത്യാഹിത വിഭാഗത്തിലേക്ക് എടുത്തോണ്ട് വന്നപ്പോ തന്നെ കൂടെ ഉണ്ടായിരുന്നവൻമാർ പറഞ്ഞു, “സാറെ ആള് പാമ്പാണ് ഇന്ന് കുറെ ചോര തുപ്പിയതോണ്ട് എടുത്തോണ്ട് പോന്നതാ.
“രക്തം പരിശോധിച്ചപ്പോൾ ഹീമോഗ്ലോബിൻ മൂന്ന്. ഏറ്റവും കുറഞ്ഞത് പതിനാലു വേണ്ട സാധനമാണ് മൂന്നിൽ കിടക്കുന്നത്. ചോര കൊടുക്കാൻ ഗ്രൂപ്പ് നോക്കിയപ്പോ ബി നെഗറ്റീവ്. അപൂർവ ഗ്രൂപ്പാണ്, കിട്ടാൻ അത്ര എളുപ്പമല്ല. കരൾ പണിമുടക്കിയതുകൊണ്ട് ആൾക്കിപ്പോ ബോധവുമില്ല.
ഒടുവിൽ ആരുടെ ഒക്കെയോ കയ്യും കാലും പിടിച്ചാണ് സഹകുടിയന്മാർ എല്ലാരും ചേർന്ന് ഒരു കുപ്പി ചോര എത്തിച്ചത്. അത് കേറ്റാൻ ഇട്ട് റൂമിലേക്ക് വന്നിട്ടൊന്നു നടു നിവർത്തിയതേ ഉള്ളു. അപ്പോളാണ് നേഴ്സ് ഓടി വന്നു പറയുന്നത്, സാറെ ആ രോഗി വീണ്ടും ഛർദിച്ചു.
ഒന്നും നോക്കിയില്ല, കയ്യിൽ കിട്ടിയത് സ്റ്റെത്താണോ അതോ പൊട്ടികിടന്ന ഡ്രിപ് സെറ്റ്ന്റെ വയറാണോ എന്നൊന്നും നോക്കാതെ കിട്ടിയ കുന്തം കഴുത്തിലിട്ട് ഒറ്റ ഓട്ടമാണ് വാർഡിലേക്ക്. ചെന്നപ്പോൾ കണ്ട കാഴ്ച അതിഭീകരമായിരുന്നു. വാർഡ് മുഴുവൻ ചോരക്കളം. കട്ടിലിലും നിലത്തും ചുറ്റുപാടും നിന്നവരുടെ ദേഹത്തും മൊത്തം ചോര.
ആകെ മൂന്നുണ്ടായിരുന്ന ഹീമോഗ്ലോബിൻ ഇപ്പൊ എത്ര ആയിട്ടുണ്ടാവും? കൈ പിടിച്ചു നോക്കിയപ്പോൾ പൾസ് ഇല്ല ഹൃദയമിടിപ്പ് നിലച്ചിരിക്കുന്നു. മറ്റൊന്നും ചിന്തിക്കാതെ ഹൗസ് സർജൻസിനെയും കൂട്ടി നെഞ്ചിൽ അമർത്തിയും കൃത്രിമ ശ്വാസം കൊടുത്തും എമർജൻസി സി.പി.ആർ തുടങ്ങി.
അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും ആൾക്ക് ഒരനക്കവും ഇല്ല. ഒരു നിമിഷത്തേക്ക് ചെയ്യുന്ന പണി സഹപ്രവർത്തകനെ ഏൽപ്പിച്ച് ഒന്ന് നടു നിവർത്തിയപ്പോൾ പുറകിൽ നിന്നൊരു തോണ്ടൽ. ദിവാകരന്റെ കൂട്ടിരുപ്പുകാരനാണ്. വേറൊരു പാമ്പ്.
“സാറെ എന്താണ് ഇപ്പൊ അവസ്ഥ?”
“ചേട്ടാ കരള് മുഴുവൻ തകരാറായിരിക്കുകയാണ്, രക്തം ഒട്ടും ഇല്ല, ഇപ്പോൾ ഹൃദയവും പ്രവർത്തിക്കുന്നില്ല. ഞങ്ങൾ അത് ശരിയാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.”
എല്ലാം മനസിലായ മട്ടിൽ തല കുലുക്കികൊണ്ടായാൾ ചോദിച്ചു.
“വേറെ കുഴപ്പമൊന്നും ഇല്ലാലോലെ.”
എന്റെ തലക്കു അകത്തു ഒരു പെരുപ്പു തോന്നി.
“ചേട്ടാ ഹൃദയം മിടിക്കിന്നില്ലാന്ന് പറഞ്ഞിട്ട് ചേട്ടന് കാര്യം മനസിലായില്ലേ” എന്ന് ചോദിച്ചു ഞാൻ വീണ്ടും കട്ടിലിൽ കയറി ഇരുന്നു ദിവാകരന്റെ നെഞ്ചിൽ അമർത്താൻ തുടങ്ങി. കൈമെയ് മറന്ന ഒരു മണിക്കൂർ അതിനുള്ളിൽ ആരൊക്കെയോ ഓടി വരുന്നു. രക്തം കൊണ്ടുവരുന്നു, മരുന്ന് കൊടുക്കുന്നു, കിതച്ചുകൊണ്ട് സി.പി.ആർ കൊടുത്തുകൊണ്ടിരുന്ന എനിക്ക് സ്വന്തം നെഞ്ചിൽ ഒരുപിടിത്തവും ശ്വാസം മുട്ടലും അനുഭവപ്പെട്ടു തുടങ്ങി.
ദൈവമേ, എന്നെ ഇനി എടുത്തു കാർഡിയാക് ഐ.സി.യൂവിൽ കേറ്റേണ്ടി വരുമോ എന്ന് ചിന്തിച്ചു തീർന്നില്ല, ആ നിമിഷം പെട്ടന്ന് ദിവാകരന്റെ ഹൃദയം അതിന്റെ താളം കണ്ടെത്താൻ തുടങ്ങി. പിന്നെ തീരം കണ്ട നാവികരെ പോലെ വർധിത വീര്യത്തോടെ ഞങ്ങൾ പോരാട്ടം തുടർന്നു. അവസാനം ദിവാകരൻ ജീവിതത്തിലേക്ക് തിരിച്ചെത്തി.
ഞാൻ മെല്ലെ എണീറ്റു ചുറ്റുപാടും നോക്കി എല്ലാവരും തളർന്നിരുന്നു, പക്ഷെ എല്ലാവരും ചിരിക്കുന്നു. ഏവരുടെയും കണ്ണുകളിൽ ആനാന്ദാശ്രുക്കൾ. നമ്മുടെ കൂട്ടിരുപ്പുകാരനെ മാത്രം അവിടെ എങ്ങും കണ്ടില്ല. ഒടുവിൽ ഞാൻ റൂമിലേക്ക് മടങ്ങി ഏതാണ്ട് ഒരു അര മണിക്കൂറായപ്പോൾ വാതിലിൽ ഒരു മുട്ട്. തുറന്നു നോക്കിയപ്പോൾ നമ്മുടെ ദിവാകരന്റെ കൂടെ ഉണ്ടായിരുന്ന കക്ഷി.
“എന്തായി ഇപ്പൊ?”
കക്ഷി വല്യ ആകാംഷയിലാണ്.
“കുഴപ്പമൊന്നും ഇല്ല, പക്ഷെ അപകടനില തരണം ചെയ്തൂന്ന് പറയാറായിട്ടില്ല.”
ഞാൻ അയാളെ അഭിമാനത്തോടെ നോക്കി.
“താൻ എന്ത് വർത്താനം ആണെടോ പറയുന്നേ? ദിവാകരൻ മരിച്ചൂന്ന് ഞാൻ നാട്ടിലും വീട്ടിലും ഒക്കെ വിളിച്ചു പറഞ്ഞത് തന്റെ ഒറ്റ ഒരുത്തന്റെ വാക്ക് കേട്ടിട്ടാണ്.”
അയാൾ നിന്ന് കത്തുകയാണ്.
“നിന്നെ ഞാൻ വെറുതെ വിടില്ല. ഒന്നും പറ്റിയില്ലേൽ തന്റെ പേരിൽ ഞാൻ കേസ് കൊടുക്കും.”
അയാൾ പിടിച്ചു കൊണ്ട് പോകാൻ ശ്രമിച്ച സെക്യൂരിറ്റിയുടെ കൈ തട്ടി മാറ്റി വാർഡിന്റെ അകത്തേക്ക് നടന്നു.
ഞാൻ വീഴാതിരിക്കാൻ അടുത്ത ജനലിന്റെ അഴിയിൽ പിടിച്ചു. എന്നിട്ട് പിറുപിറുത്തു.
“ന്നാ താൻ കേസ് കൊട്.”