വിദ്യാര്‍ത്ഥിനിയ്ക്ക് അശ്ലീല സന്ദേശമയച്ചു, കോഴിക്കോട് ബീച്ചില്‍ വിളിച്ചുവരുത്തി ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍


കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയുടെ പഠനാവശ്യത്തിന് ഉപയോഗിക്കുന്ന ഫോണിലേക്ക് തുടര്‍ച്ചയായി അശ്ലീല സന്ദേശമയക്കുകയും, കോഴിക്കോട് ബീച്ചിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തുകയും ചെയ്ത കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. കണ്ണൂര്‍ എളയാവൂര്‍ സ്വദേശി കല്ലിങ്കല്‍ വീട്ടില്‍ ഡോക്ടര്‍ അലന്‍ ആന്റെണി (32) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

വിദ്യാര്‍ത്ഥിനിയുടെ ടെലഗ്രാം അക്കൗണ്ടിലേക്ക് സ്ഥിരമായി കോള്‍ ചെയ്ത് ശല്ല്യം ചെയ്തതില്‍ വീട്ടുകാര്‍ താക്കീത് നല്‍കിയെങ്കിലും, വീണ്ടും പ്രതി നിരന്തരം മോശമായ അശ്ലീല സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. ജനുവരി രണ്ടിന് പെണ്‍കുട്ടിയുടെ ഫോണിലേക്ക് വിളിച്ച് കോഴിക്കോട് ബീച്ചിലെത്തുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കുകയും, തുടര്‍ന്ന് വീട്ടുകാരേയും കൂട്ടി കോഴിക്കോട് ബീച്ചിലേക്ക് വരുകയായിരുന്നു.

പെണ്‍കുട്ടി എത്തിയതറിഞ്ഞ പ്രതി ബീച്ചിലേക്ക് വന്ന് പെണ്‍കുട്ടിയോട് സംസാരിച്ചുകൊണ്ട് ലൈംഗിക ഉദ്ദേശത്തോടുകൂടി കയ്യില്‍ കയറി പിടിച്ചു എവിടെയെങ്കിലും റൂം എടുക്കാം എന്നു പറയുകയായിരുന്നു. ഇതുകണ്ട പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അവിടേക്ക് വന്ന് പ്രതിയെ തടഞ്ഞുവെച്ച് വെള്ളയില്‍ പോലീസിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയുമായിരുന്നു. ഉടനെതന്നെ വെള്ളയില്‍ പോലീസ് സ്ഥലത്തെത്തുകയും പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Summary: Student sent lewd messages, called to Kozhikode beach and sexually assaulted; Doctor arrested in POCSO case