തടി കുറയ്ക്കാനായി ഭക്ഷണം നിയന്ത്രിക്കാറുണ്ടോ? എങ്കില്‍ ഈ പ്രശ്‌നം വരാതെ ശ്രദ്ധിക്കണേ


മിതവണ്ണം ഉള്ളവരെ സംബന്ധിച്ച് അത് കുറയ്ക്കുകയെന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിന് ആവശ്യമായി വരാം. വണ്ണം കുറയ്ക്കാന്‍ ഡയറ്റോ വര്‍ക്കൗട്ടോ ആശ്രയിക്കുമ്പോള്‍ എപ്പോഴും ഡോക്ടര്‍മാരുടെ നിര്‍ദേശം തേടുന്നത് ഉചിതമാണ്. അല്ലെങ്കില്‍ ഇവ ശരീരത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാനിടയുണ്ട്.

ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഓര്‍മ്മപ്പെടുത്തുകയാണ് പ്രമുഖ ന്യൂട്രീഷനിസ്റ്റായ ലവ്‌നീത് ബത്ര. വണ്ണം കുറയ്ക്കുന്നതിനായി ശ്രമിക്കുന്നത് ചെയ്യുന്നത് ഭക്ഷണം നിയന്ത്രിക്കുക വഴി ഓരോദിവസവും കഴിക്കുന്ന കലോറി കുറയ്ക്കുകയാണ്. എന്നാല്‍ കലോറി കുറച്ചുള്ള ഭക്ഷണം നമ്മുടെ എല്ലുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാമെന്നാണ് ലവ്‌നീത് ബത്ര ചൂണ്ടിക്കാട്ടുന്നത്.

കലോറി കുറവുള്ള ഭക്ഷണം പതിവാകുമ്പോള്‍ എല്ലുകളുടെയും പേശികളുടെയുമെല്ലാം ബലം കുറയുകയാണ്. ദിവസത്തില്‍ ആയിരം കലോറിയില്‍ കുറവാണ് ഭക്ഷണത്തിലൂടെ നാം നേടുന്നതെങ്കില്‍ അത് എല്ലിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് വിവിധ പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.

ചില ഭക്ഷണങ്ങളിലൂടെ എല്ലുകളുടെ ആരോഗ്യം വര്‍ധിപ്പിക്കാനും സാധിക്കും. മഞ്ഞള്‍, ഇഞ്ചി, വെളുത്തുള്ളി, വാള്‍നട്ട്‌സ്, ചെറികള്‍ എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

ശരീരത്തിന് ഘടന നല്‍കുകയെന്നത് മാത്രമല്ല, എല്ലുകളുടെ ധര്‍മ്മം. കാത്സ്യം, ഫോസ്ഫറസ് പോലുള്ള ധാതുക്കളെല്ലാം ശേഖരിച്ചുവച്ച് അത് ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് എല്ലിന്റെ സഹായത്തോടെയാണ്. അതിനാല്‍ നമ്മള്‍ ആരോഗ്യത്തോടെയിരിക്കണമെങ്കില്‍ എല്ലിന്റെ ആരോഗ്യം പ്രധാനമാണ്.