ഫാസ്റ്റ് ഫുഡ്‌ അമിതമായി കഴിക്കുന്നവരാണോ? എങ്കിൽ കാൻസർ വരാൻ സാധ്യത കൂടുതൽ: നിയന്ത്രിക്കേണ്ടത് ഇവയൊക്കെ, വിശദമായി അറിയാം


എല്ലാവരും ഏറെ ഭയത്തോടെ കാണുന്ന ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണ് ക്യാന്‍സര്‍. പല കാരണങ്ങള്‍ കൊണ്ട് ക്യാന്‍സര്‍ രോഗം പിടിപെടാമെങ്കിലും നമ്മുടെ ജീവിത ശൈലിയില്‍ വരുത്തുന്ന ചില മാറ്റങ്ങളും ഭക്ഷണത്തിലെ പ്രത്യേക ശ്രദ്ധയുമൊക്കെ ഒരു പരിധിവരെയെങ്കിലും രോഗം വരാതെ തടുത്ത് നിര്‍ത്താന്‍ സഹായിക്കും. ഇത്തരത്തില്‍ ക്യാന്‍സറിനെ അകറ്റിനിര്‍ത്താന്‍ നിത്യജീവിതത്തിലെ ഭക്ഷണകാര്യങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം

എന്ത് കഴിക്കുന്നു എന്നത് പോലെ തന്നെ ഏറെ പ്രധാനപ്പെട്ട കാര്യമാണ് എങ്ങനെ കഴിക്കുന്നു എന്നുള്ളതും. അമിതമായി പാകം ചെയ്യുന്ന ഭക്ഷണങ്ങള്‍ അമിതമായി രോഗവും ക്ഷണിച്ചുവരുത്തും. പ്രത്യേകിച്ച് മാംസഭക്ഷണങ്ങള്‍ അമിതമായി പാകം ചെയ്യുമ്പോള്‍ അവ കാര്‍സിനോജിന്‍ ഉത്പാദിപ്പിക്കും. ഇത് മനുഷ്യശരീരത്തിലെ കോശങ്ങളുടെ ഡിഎന്‍എയില്‍ മാറ്റം വരുത്തി ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു.

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പലര്‍ക്കുമൊരു വീക്ക്നെസാണ്. നിത്യമെന്നപോലെ ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കുന്ന ആളുകളും നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ കൂടുതല്‍ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും ക്യാന്‍സറിന് വഴിവെക്കാം. ഉപയോഗിച്ച എണ്ണതന്നെ വീണ്ടും ഉപയോഗിച്ച് പാചകം നടത്തിയാല്‍ രോഗസാധ്യത ഇരട്ടിക്കുകയും ചെയ്യും.

സോസേജുകള്‍ പോലെയുള്ള സംസ്കരിച്ചമാംസ പദാര്‍ത്ഥങ്ങളുടെ അമിതോപയോഗവും ക്യാന്‍സറിലേക്ക് നയിച്ചേക്കാം. ബീഫ്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റുകളുടെ ഉപയോഗവും നിയന്ത്രിച്ച് നിര്‍ത്തേണ്ടതുണ്ട്.

പിന്നെ ക്യാന്‍സറിന് കാരണമാകാനിടയുള്ള ഒരു കാര്യം മധുരാസക്തിയാണ്. പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാക്കേണ്ടതുണ്ട്. പഞ്ചസാര കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍, അമിത മധുരവും രാസവസ്തുക്കളും അടങ്ങിയിട്ടുള്ള പാനീയങ്ങള്‍, കൃത്രിമ മധുരം ചേര്‍ത്ത ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയവ ജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയാര്‍ ക്യാന്‍സറില്‍ നിന്ന് മാത്രമല്ല മറ്റ് പല രോഗങ്ങളില്‍ നിന്നും വലിയൊരു പരിധിവരെ രക്ഷപ്പെടാനാകും
അമിതമായ അളവില്‍ മദ്യം ഉപയോഗിക്കുന്നതിലൂടെ ക്യാന്‍സര്‍ രോഗത്തിലേക്കുള്ള വാതിലാണ് തുറന്ന് നല്‍കുന്നതെന്ന് ഓര്‍ക്കണം. അതുകൊണ്ട് തന്നെ മദ്യപിക്കുന്നത് ശീലമാക്കിയ ആളുകള്‍ ഡീ അഡിക്ഷന്‍ സെന്ററുകളുടെയോ മറ്റോ സേവനം ഉപയോഗപ്പെടുത്തി അവയില്‍ നിന്ന് മുക്തി നേടാന്‍ ശ്രമിച്ചാല്‍ ക്യാന്‍സര്‍ ഉള്‍പ്പെടെ പല ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും മുക്തി നേടാം.