ഭക്ഷണത്തില്‍ ഉപ്പ് അധികം ചേര്‍ക്കല്ലേ; തകരാറിലാവുന്നത് നിങ്ങളുടെ വൃക്കകളാകാം


ക്ഷണത്തിന് രുചി കൂട്ടുന്ന ഉപ്പ് മനുഷ്യരില്‍ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. ഭക്ഷണത്തിലെ ഉപ്പില്‍ നിന്നു തന്നെയാണ് ശരീരത്തിനാവശ്യമായ സോഡിയവും ക്‌ളോറൈഡ് അയണുകളുമെല്ലാം ലഭിക്കുന്നതും നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനത്തിന് സഹായിക്കുന്നതും. രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിലും ഈ ധാതുക്കള്‍ പ്രധാന പങ്കു വഹിക്കുന്നു. എന്നാല്‍ ഉപ്പ് കൂടുതലുപയോഗിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദത്തിനു കാരണമാകും. കൂടാതെ വൃക്കയ്ക്കും തകരാറാണ്. ഉപ്പു കൂടിയ ഭക്ഷണം ശരീരത്തിന്റെ ‘സോഡിയം ബാലന്‍സ്’ ഇല്ലാതാക്കും. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാകാന്‍ ഇതു കാരണമാകുകയും ചെയ്യും.

ആഹാരത്തില്‍ ഉപ്പിന്റെ അളവു കുറയ്ക്കാത്തതു കൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടും വൃക്കരോഗം ബാധിച്ച മുതിര്‍ന്ന പൗരന്മാര്‍ ഒട്ടേറെയുണ്ട്. മറ്റു രോഗങ്ങളുടെ അനുബന്ധമായോ അല്ലാതെയോ വൃക്കകള്‍ക്കു തകരാറുണ്ടാകാം. പ്രമേഹം, രക്താതിസമ്മര്‍ദം, പാരമ്പര്യ പ്രശ്‌നങ്ങള്‍, പുകവലി-മദ്യപാന ശീലങ്ങള്‍, മറ്റു രോഗങ്ങള്‍ക്കു കഴിക്കുന്ന മരുന്നിന്റെ പാര്‍ശ്വഫലം തുടങ്ങിയവ മൂലം വൃക്കരോഗമുണ്ടാകാം.

മൂത്രപരിശോധനയിലൂടെ വൃക്കരോഗമുണ്ടോ എന്നു കണ്ടുപിടിക്കാവുന്നതാണ്. മൂത്രത്തില്‍ ആല്‍ബുമിന്‍ എന്ന പ്രോട്ടീന്‍ കൂടുതലായി ഉണ്ടാകുന്നത് വൃക്കരോഗ സാധ്യതയെ അറിയിക്കുന്നതാണ്. മൂത്രത്തില്‍ രക്താണുക്കളുടെ സാന്നിധ്യവും വൃക്കരോഗസാധ്യത വെളിപ്പെടുത്തുന്നു. പ്രമേഹരോഗികളുടെ മൂത്രത്തില്‍ ‘മൈക്രോആല്‍ബുമിനൂറിയ’ എന്ന അവസ്ഥ ഉണ്ടെങ്കില്‍ രോഗം വൃക്കകളെ ബാധിച്ചുവെന്നു മനസ്സിലാക്കണം.

രക്തപരിശോധനയിലൂടെയും വൃക്കരോഗസൂചന ലഭിക്കും. രക്തത്തില്‍ യൂറിയ, ക്രിയാറ്റിനിന്‍ എന്നിവയുടെ അളവ് കൂടുതലായി കാണുമ്പോഴാണ് വൃക്കരോഗസാധ്യതയുണ്ടെന്നു മനസ്സിലാകുന്നത്. വൃക്കകളുടെ തകരാറ്, രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവു കുറയ്ക്കുകയും വിളര്‍ച്ചരോഗത്തിനു കാരണമാകുകയും ചെയ്യുന്നു.

ആദ്യഘട്ടങ്ങളില്‍ വൃക്കരോഗം കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാം. വൃക്കയ്ക്ക് അധികമായി തകരാറു സംഭവിച്ചിട്ടുണ്ടെങ്കില്‍ വൃക്കയുടെ അപ്പോഴുള്ള പ്രവര്‍ത്തനം നിലനിര്‍ത്തി മാത്രമേ മുന്നോട്ടു പോകാന്‍ സാധിക്കുകയുള്ളൂ.

പ്രതിരോധ മാര്‍ഗങ്ങള്‍

പ്രമേഹം നിയന്ത്രണവിധേയമാക്കുക.

അമിതവണ്ണമുള്ളവര്‍ ഭാരം കുറയ്ക്കുക.

പച്ചക്കറികള്‍ അധികമായി കഴിക്കുക.

ആഹാരത്തില്‍ ഉപ്പിന്റെ അളവു കുറയ്ക്കുക.

വേദനാസംഹാരികള്‍ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക.

രക്താതിസമ്മര്‍ദം നിയന്ത്രിക്കുക.

ദിവസവും ലഘുവായി വ്യായാമം ചെയ്യുക.

പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക.

മനസ്സിന്റെ സന്തോഷത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്യുക.

വൃക്കരോഗ പരിശോധനകള്‍ കൃത്യമായ ഇടവേളകളില്‍ ചെയ്യുക.