’60 വയസ്സ് പൂർത്തിയായ എല്ലാവർക്കും ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യണം’: ഡി.കെ.ടി.എഫ് ബാലുശ്ശേരി നിയോജക മണ്ഡലം കൺവെൻഷൻ


ബാലുശ്ശേരി: 60 വയസ്സ് പൂർത്തിയായ എല്ലാവർക്കും ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് ഡി.കെ.ടി.എഫ് (ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ) ബാലുശ്ശേരി നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ഉള്ളിയേരി കോണ്‍ഗ്രസ് മണ്ഡലം ഓഫീസില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീധരൻ മിനാച്ചേരി ഉദ്ഘാടനം ചെയ്തു.

2017 വരെ മാത്രമേ ക്ഷേമനിധി ആനുകൂല്യം കർഷകതൊഴിലാളികൾക്ക് ലഭിച്ചിട്ടുള്ളൂ. 7 വർഷത്തെ കുടിശ്ശിക ബാക്കി നില്ക്കുമ്പോൾ ആനുകൂല്യം ലഭിക്കാതെ പലരും ഇതിനോടകം മരണപ്പെട്ടു കഴിഞ്ഞു. മുഴുവൻ ക്ഷേമനിധി അംഗങ്ങൾക്കും ആനുകൂല്യം വിതരണം ചെയ്യണമെന്ന് കൺവെഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നിയോജക മണ്ഡലം പുതിയ പ്രസിഡൻ്റായി ശശിധരൻ മങ്ങര ചുമതല ഏറ്റെടുത്തു. യോഗത്തിൽ ഹരിദാസ് കെ.പി.അദ്ധ്യക്ഷത വഹിച്ചു. കാവിൽ പി. മാധവൻ മുഖ്യപ്രഭാഷണം നടത്തി. പൈപ്പ് വടക്കേടം, പി.പിശ്രീധരൻ, ഒ.എം കൃഷ്ണകുമാർ, സിബി ബാലകൃഷ്ണൻ, ശങ്കരൻനായർ, പി.കെ ശങ്കരൻ, ഗൗരി ശങ്കർ, സി.പി ബാലകൃഷ്ണൻ, മങ്ങര ശശി എന്നിവർ സംസാരിച്ചു.സംസ്ഥാന തലത്തിൽ ഗാന്ധി സ്മൃതി അവാർഡ് ലഭിച്ച സാംസ്കാരിക പ്രവർത്തകൻ ശങ്കരൻ നടുവണ്ണൂരിനെ ചടങ്ങില്‍ ആദരിച്ചു.

Description: DKTF Balusherry Constituency Convention