ഡിവൈഡറോ അപകടക്കെണിയോ? തുടർച്ചയായി അപകടങ്ങളുണ്ടാക്കി കൊയിലാണ്ടി നഗരത്തിലെ ഡിവൈഡറുകൾ; ശനിയാഴ്ച ഉണ്ടായ വാഹനാപകടത്തിൽ കാറിന്റെ വീലും ടയറും പൊട്ടിച്ചിതറി


കൊയിലാണ്ടി: തുടരെ തുടരെ അപകടങ്ങളുണ്ടാവുകയാണ് കൊയിലാണ്ടിയിൽ. അതിൽ പ്രധാന വില്ലനായി ഡിവൈഡറുകളും. ഇന്നലെ വൈകിട്ടും ഡിവൈഡറിൽ തട്ടി ഉണ്ടായ അപകടത്തിൽ വാഹനത്തിന് ഗുരുതര പ്രശ്നങ്ങളുണ്ടായി. കാറിന്റെ വീലും ടയറും പൊട്ടിച്ചിതറി.

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. ബഹറൈനിൽ നിന്ന് എത്തിയ മാഹിപാലം സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്. വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ കൊയിലാണ്ടി താലൂക്കാശുപത്രിക്ക് മുൻവശത്തുള്ള ഡിവൈഡറിൽ തട്ടിയാണ് മഹീന്ദ്ര കാർ അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തൽ കാറിന്റെ മുൻവശത്തെ വീലും ടയറും പൊട്ടിച്ചിതറി.

കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സൗന്ദര്യവല്‍ക്കരണത്തിനുമായി ദേശീയപാതയില്‍ സ്ഥാപിച്ച ഡിവൈഡറുകളാണ് വാഹന യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുന്നത്. ഫെബ്രുവരി ആദ്യമാണ് കൊയിലാണ്ടി നഗരഹൃദയത്തിലെ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാനായി കോണ്‍ക്രീറ്റ് ഡിവൈഡറുകള്‍ സ്ഥാപിച്ചത്. അതിനു ശേഷം ഇരുപതിൽ അധികം തവണ വാഹനങ്ങൾ അപകടത്തിൽ പെടുകയായിരുന്നു. ഇതിൽ പലർക്കും പരിക്കുകളുണ്ടാവുകയും വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

മുന്നറിയിപ്പോ റിഫ്ലക്ടറോ ഇല്ലാതെയാണ് കൊയിലാണ്ടി നഗരത്തിൽ ഡിവൈഡറുകൾ സ്ഥാപിച്ചതെന്ന് ആരോപണവുമുണ്ട്. അതിനാൽ തന്നെ വെളിച്ചക്കുറവും വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നു. ഈ പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കണ്ടില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഈ സ്ഥലം പരിചയമില്ലാത്തവരാണ് കൂടുതലായി അപകടത്തിൽ പെടുന്നതെന്നും പ്രദേശ വാസികൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

നേരത്തേ മണല്‍ച്ചാക്കുകള്‍ ഉപയോഗിച്ച് ഇവിടെ താല്‍ക്കാലിക ഡിവൈഡര്‍ സ്ഥാപിച്ചിരുന്നു. ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് സ്ഥിരം ഡിവൈഡര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.