കുറ്റ്യാടി മേഖലയില്‍ നിപ്പ: വയനാട്ടിലും ജാഗ്രതാ നിര്‍ദേശം, മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ജില്ലാ കളക്ടര്‍ രേണുരാജ്


മാനന്തവാടി: കുറ്റ്യാടി മേഖലയില്‍ നിപ്പാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രതാ നിര്‍ദേശം. വയനാട്ടിലും മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന് ജില്ലാ കളക്ടര്‍ രേണുരാജ് അറിയിച്ചു.

വെളളമുണ്ട, തൊണ്ടര്‍നാട് എന്നീ പഞ്ചായത്തുകളില്‍ പൊതുപരിപാടിക്കെത്തുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായി ഉപയോഗിക്കണമെന്നും കണ്ടെയിന്‍മെന്റ് സോണിലുളളവരും സമീപ പ്രദേശവാസികളും യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

നിലവില്‍ കോഴിക്കോട് ജില്ലയില്‍ നിന്നും ആശ്വാസ വാര്‍ത്തകളാണ് പുറത്തുവരുന്നത്. നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് വിവരം. അതേ സമയം ചികിത്സയില്‍ കഴിയുന്ന 9 വയസ്സുകാരന്റെ നില മാറ്റമാല്ലാതെ തുടരുകയാണ്. ഒടുവിലായി നിപ സ്ഥിരീകരിച്ച 24 വയസ്സുകാരന് കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനാണ് ഇയാള്‍.

706 പേര്‍ ഉള്‍പ്പെടുന്ന സമ്പര്‍ക്കപ്പട്ടികയും റൂട്ട് മാപ്പും പുറത്തുവിട്ടിട്ടുണ്ട്. ആദ്യം മരണപ്പെട്ട ആളുകളുടെ സമ്പര്‍ക്കപ്പട്ടികയില്‍ 371 പേരും രണ്ടാമത്തെ ആളുടെ സമ്പര്‍ക്കപട്ടികയില്‍ 281 പേരുമാണ് ഉള്ളത്. ഇവരെല്ലാം വീടുകളിലും ആശുപത്രിയിലുമായി നിരീക്ഷണത്തിലാണ്.

വവ്വാലിന്റെ സാന്നിധ്യമുളള സ്ഥലങ്ങളിലെ തെങ്ങ്, പന എന്നിവയില്‍ നിന്നുള്ള പാനീയമോ ഫലങ്ങളോ ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നിര്‍ദേശിച്ചിട്ടുണ്ട്. നന്നായി വേവിച്ച ഇറച്ചി ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു.

സമ്പര്‍ക്കത്തിലുള്ള ആളുകളുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. രോഗ നിര്‍ണയത്തിനായി സംസ്ഥാനത്ത് ലാബുകള്‍ സജ്ജമാണ്. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഇതിന് സംവിധാനമുണ്ടെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.