എം.ടി.യുവിൽ നിന്ന് വെള്ളം ചീറ്റുന്നത് കണ്ട് ആവേശഭരിതരായി കുരുന്നുകൾ; ബാലുശ്ശേരിയിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ കൊയിലാണ്ടി ഫയർ സ്റ്റേഷൻ സന്ദർശിച്ചു
കൊയിലാണ്ടി: ബാലുശ്ശേരി ബി.ആർ.സിക്കു കീഴിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്കൂളുകളിലെ വിദ്യാർത്ഥികൾ കൊയിലാണ്ടി ഫയർസ്റ്റേഷൻ സന്ദർശനം നടത്തി. അമ്പതോളം വരുന്ന വിദ്യാർഥികളും അധ്യാപകരും അടങ്ങിയ സംഘം റെയിൽവേ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, കോടതി, കടപ്പുറം എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിന്റെ ഭാഗമായാണ് കൊയിലാണ്ടി ഫയർ സ്റ്റേഷനിലെത്തിയത്.
ഫയർ സ്റ്റേഷനിൽ എത്തിയ വിദ്യാർത്ഥികൾക്ക് സ്റ്റേഷൻ പ്രവർത്തനങ്ങളെ പറ്റിയും വാഹനങ്ങളെ പറ്റിയും സ്റ്റേഷനിലെ ജീവനക്കാർ ക്ലാസെടുത്തു. എം.ടി.യു (മൊബൈൽ ടാങ്ക് യൂണിറ്റ്) എന്ന ഫയർ ഫോഴ്സ് വാഹനത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നത് എങ്ങനെ എന്ന് കുട്ടികളെ കാണിച്ചു. എം.ടി.യുവിൽ നിന്ന് വെള്ളം ചീറ്റുന്ന കാഴ്ച കുട്ടികളെ ആവേശഭരിതരാക്കി.
സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.പി.ഷിജു ഫയർഫോഴ്സിന്റെ പ്രവർത്തനങ്ങളെപ്പറ്റി കുട്ടികൾക്ക് ക്ലാസെടുത്തു. ഉച്ചഭക്ഷണം സ്റ്റേഷനിൽ വച്ച് കഴിച്ച ശേഷം സംഘം പ്രതിനിധി സ്റ്റേഷൻ അംഗങ്ങളോട് നന്ദി പറഞ്ഞ് അടുത്ത സന്ദർശന ഇടത്തിലേക്ക് യാത്രയായി.