പേരാമ്പ്ര ചക്കിട്ടപ്പാറയില്‍ ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്ത സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
പേരാമ്പ്ര: ചക്കിട്ടപ്പാറയില്‍ ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കേസില്‍ തുടര്‍ നടപടികള്‍ക്കായി ചീഫ് ജസ്റ്റിന്റെ അനുമതി തേടി. സാമൂഹ്യനീതി വകുപ്പ്, കേന്ദ്രസര്‍ക്കാര്‍, കോഴിക്കോട് ജില്ലാ കലക്ടര്‍, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് എതിര്‍കക്ഷികള്‍.
മുതുകാട് വളയത്ത് ജോസഫ് എന്ന പാപ്പച്ചന്‍ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. 15ദിവസത്തിനകം പെന്‍ഷന്‍ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് ഇയാള്‍ പഞ്ചായത്തിന് കത്ത് നല്‍കിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
എന്നാല്‍ നാല് മാസത്തെ പെന്‍ഷന്‍ ലഭിക്കാത്തതുകൊണ്ട് ജോസഫ് ആത്മഹത്യ ചെയ്‌തെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഇത്തരമൊരു സംഭവത്തെ ഗവണ്‍മെന്റിന് എതിരെ തിരിച്ചു വിടാനുള്ള മാധ്യമങ്ങളുടെ നീക്കം ശരിയല്ലെന്നും പറഞ്ഞ് പഞ്ചായത്ത് പ്രസിഡന്റെ കെ.സുനില്‍ ഇന്നലെ രംഗത്ത് വന്നിരുന്നു.
അതേ സമയം ഇന്ന് ഉച്ചയ്ക്ക് 12മണിയോടെ കോഴിക്കോട് കലക്ട്രേറ്റിന് മുമ്പില്‍ ജോസഫിന്റെ മൃതദേഹം വച്ച് യുഡിഎഫ് പ്രതിഷേധിച്ചിരുന്നു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, എം.കെ രാഘവന്‍ എം.പി, ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജോസഫിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം, വീട് വച്ച് നല്‍കണം എന്നീ ആവശ്യങ്ങളാണ് യുഡിഎഫ് ആവശ്യപ്പെട്ടത്.
തുടര്‍ന്ന് ജോസഫിന്റെ മുതുകാടുള്ള വീട്ടിലെത്തിച്ച മൃതദേഹം വൈകുന്നേരം 5മണിയോടെ മുതുകാട് ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിച്ചു.