തൊഴുത്തിലെ ഇരുമ്പ് തൂണിന് ഷോക്കുണ്ടായിരുന്നു, അപകട സമയത്ത് വീട്ടില്‍ ആരുമില്ലാതിരുന്നത് വിനയായി; പുറക്കാട് ഓട്ടോ ഡ്രൈവര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


തിക്കോടി: തിക്കോടിയില്‍ യുവാവിനെ തൊഴുത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് വീട്ടില്‍ കളക്ഷനെത്തിയ വ്യക്തി. ഇയാള്‍ അയല്‍വാസിയെ വിവരം അറിയിക്കുകയായിരുന്നു. തൊഴുത്തിലെത്തിയ അയല്‍വാസിയ്ക്കും ഷോക്കേറ്റെങ്കിലും കൂടെയുണ്ടായിരുന്നവര്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്തതിനാല്‍ അപകടമൊന്നും സംഭവിച്ചില്ല.

രാവിലെ വീട്ടില്‍ നിന്നും ജോലിയ്ക്കു പോയ ശ്രീജേഷ് അപ്രതീക്ഷിതമായാണ് വീട്ടിലെത്തിയത്. അമ്മയും അച്ഛനും വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും മക്കളും ഭാര്യവീട്ടിലായിരുന്നു. സാധാരണ ഇത്തരം സാഹചര്യത്തില്‍ വീട്ടില്‍ തനിച്ച് തന്നെ ഇറിക്കാറുള്ളയാളാണ് ശ്രീജേഷെന്ന് ബന്ധുക്കള്‍ പറയുന്നു.

തൊഴുത്തിലേക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയതില്‍ എവിടെയോ ഷോട്ട് ആയതാകാം അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. തൊഴുത്തില്‍ ഇരുമ്പ് തൂണുകളുണ്ടായിരുന്നു. ശ്രീജേഷ് ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിച്ച് വെള്ളമെടുത്ത് തൊഴുത്ത് വൃത്തിയാക്കുകയായിരുന്നു. ഇതിനിടയില്‍ ഇരുമ്പുകമ്പിയില്‍ പിടിച്ചുപോയതാകാം ഷോക്കേല്‍ക്കാനിടയാക്കിയതെന്നാണ് കരുതുന്നത്.

അപകടത്തിന് പിന്നാലെ കെ.എസ്.ഇ.പി അധികൃതര്‍ സ്ഥലത്തെത്തി കണക്ഷന്‍ വിച്ഛേദിച്ചു. തിക്കോടി ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ ഡ്രൈവറായിരുന്നു ശ്രീജേഷ്.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. അച്ഛന്‍: ശ്രീധരന്‍ (ആര്‍ജെ.ഡി പുറക്കാട് മേഖല പ്രസിഡന്റ്). അമ്മ: സാവിത്രി. ഭാര്യ: വിസ്മയ. മക്കള്‍: ശ്രേയ ലക്ഷ്മി, ശ്രീലക്ഷ്മി, ശ്രീദേവ്. സഹോദരിമാര്‍: സൗമ്യ, ശ്രീജിനി.