എ.ഐ ക്യാമറയില്‍ കുടുങ്ങാതിരിക്കാന്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മറച്ചു വയ്ക്കുന്നവര്‍ ഇനി കുടുങ്ങും; ആര്‍.സി.റദ്ദാക്കല്‍ തുടങ്ങിയ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍വാഹന വകുപ്പ്


കോഴിക്കോട്: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മറച്ചുവയ്ക്കുന്നവര്‍ ഇനി കര്‍ശന നടപടി നേരിടേണ്ടി വരും. നമ്പര്‍പ്ലേറ്റില്‍ കൃത്രിമം കാട്ടുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

എ.ഐ.ക്യാമറ ഉപയോഗിച്ചുള്ള വാഹനപരിശോധനയുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഈ നിര്‍ദേശം നല്‍കിയത്. എ.ഐ ക്യാമറയില്‍ കുടുങ്ങാതിരിക്കാന്‍ തുണികളും മറ്റും ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറയ്ക്കുന്നത് ഈയിടെയായി കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നമ്പര്‍പ്ലേറ്റ് മറച്ചുവയ്ക്കുക, മടക്കിവയ്ക്കുക, വ്യാജ നമ്പര്‍പ്ലേറ്റ് ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് മൂന്നുമാസംമുതല്‍ ഒരുവര്‍ഷംവരെ ആര്‍.സി. സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം.

നിയമലംഘനം എ.ഐ.ക്യാമറയില്‍ പതിഞ്ഞാലും, നമ്പര്‍പ്ലേറ്റില്‍ കൃത്രിമം കാട്ടുന്നതിലൂടെ വാഹനം തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമുണ്ട്.