ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആദ്യ കേസ്, ഉള്ള്യേരിയിലെ പാലം പൊളിക്കല്‍ ഇന്നും വിസ്മൃതിയുടെ ഇരുളില്‍; 82-ാം വാര്‍ഷികത്തിലും സ്മാരകം യാഥാര്‍ഥ്യമായില്ല


ഗോവിന്ദൻകുട്ടി ഉള്ള്യേരി

ഉള്ള്യേരി: ക്വിറ്റിന്ത്യാ സമരത്തിന്റെ ഭാഗമായി ഉള്ളിയേരിയില്‍ നടന്ന ഐതിഹാസികമായ പാലം പൊളിക്കല്‍ സമരത്തിന് 82-ാം വാര്‍ഷികമാണിന്ന്. ക്വിറ്റിന്ത്യാ സമരത്തിന്റെ ലക്ഷ്യം നെഞ്ചേറ്റി ബിട്ടീഷുകാരോട് രാജ്യം വിട്ടുപോകാനുള്ള ശക്തമായ താക്കീതായി നടന്ന സമരം പക്ഷെ, വിസ്മൃതിയിലേയ്ക്ക് മറയുകയാണ്.

ഐതിഹാസിക സമരത്തിന്റെ സ്മരണയ്ക്കായി ഉള്ള്യേരിയില്‍ ഒരു ഫലകം പോലുമില്ല. പാലം പുനര്‍നാമകരണമോ സ്മാരക മന്ദിരമോ ഒന്നും തന്നെ ഇത്രയും വര്‍ഷമായിട്ടും യാഥാര്‍ഥ്യമായിട്ടല്ല. കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാന പാതയില്‍ ഉള്ള്യേരിയിലൂടെ കടന്നുപോവുന്ന റോഡ് അന്ന് ബിട്ടീഷുകാര്‍ക്ക് ഏറെ പ്രധാനപ്പെട്ടതായിരുന്നു.

വയനാട്ടില്‍ നിന്ന് സുഗന്ധദ്രവ്യങ്ങളും, മരക്കരിയും കൊയിലാണ്ടിയിലേയ്ക്ക് എത്തിക്കാന്‍ ഈ റോഡിനെയാണ് ബിട്ടീഷുകാര്‍ ആശ്രയിച്ചത്. ഈ പാതയിലെ ഉള്ളിയേരി മരപ്പാലം പൊളിച്ചാല്‍ റോഡു മാര്‍ഗവും തീവണ്ടി മാര്‍ഗ്ഗവും ചരക്കു നീക്കം തടയാന്‍ പറ്റുമെന്നത് മുന്‍കൂട്ടി കണ്ടാണ് അന്ന് ഉള്ളിയേരിയിലെ യുവാക്കള്‍ പാലം പൊളിച്ചത്. ക്വിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ടു കൊണ്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആദ്യത്തെ കേസായിരുന്നു.

1942 ഓഗസ്ത് – 19 ന് രാത്രി ഏഴുമണിക്ക് നടന്ന പാലം പൊളിക്കല്‍ സമരം ഉള്ള്യേരി അംശക്കച്ചേരി, കോക്കല്ലൂര്‍ അംശക്കച്ചേരി, കുന്നത്തറയിലെ സര്‍ക്കാര്‍ ആല, വേളൂര്‍ അംശക്കച്ചേരി തുടങ്ങിയവ തുടര്‍ന്ന് അഗ്‌നിക്കിരയാക്കപ്പെട്ടു. ഉള്ളിയേരിയിലെ പാലം പൊളിക്കല്‍ സമരത്തിന് നേതൃത്വം കൊടുത്ത എന്‍.കെ.ദാമോദരന്‍ നായര്‍, കെ.ശങ്കരന്‍ നായര്‍, എം.മാധവന്‍ നമ്പ്യാര്‍, എം.നാരായണന്‍ നമ്പ്യാര്‍, കെ.അച്ചുതന്‍ നായര്‍, എം.അപ്പുക്കുട്ടി നമ്പ്യാര്‍, കെ.എന്‍ ഗോപാലന്‍ നായര്‍, വി.ടി.രാമന്‍ നായര്‍, കീഴാതകശ്ശേരി കൃഷ്ണന്‍ നായര്‍, എം.രാമന്‍ ഗുരുക്കള്‍ എന്നിവരാണ് ബ്രിട്ടീഷുകാരുടെ പിടിയിലായത്.

ഇതില്‍ എട്ടു പേര്‍ ബെല്ലാരിയിലെ ആലിപ്പൂര്‍ ജയിലില്‍ അഞ്ചു വര്‍ഷത്തോളം ജയില്‍ ശിക്ഷയനുഭവിച്ചു. പുളിക്കൂല്‍ കോയക്കുട്ടി, പാലോറമലയില്‍ തെയ്യോന്‍, മനത്താനത്ത് മീത്തല്‍ ചാത്തുകുട്ടി, അരുമ്പ മലയില്‍ അരുമ തുടങ്ങിയ അക്കാലത്ത് കൗമാരപ്രായം വിട്ടിട്ടില്ലാത്തവരും യുവാക്കളുമായ ഒട്ടെറെപ്പേര്‍ ഈ സമരത്തില്‍ പങ്കാളികളായതായി വാമൊഴി ചരിത്രം പറയുന്നു. കോഴിക്കോട് – കുറ്റ്യാടി – കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാന പാതകള്‍ സംഗമിക്കുന്ന സ്ഥലത്താണ് പുതിയ പാലമുള്ളത്.